അവധി ദിവസങ്ങളിൽ വായനക്കും അവധി

ഗുരുവായൂർ : അവധി ദിവസങ്ങളിൽ വായനക്കും അവധി കൊടുത്ത് ഗുരുവായൂർ ദേവസ്വം ലൈബ്രറി. കിഴക്കേ നടയിൽ മംഗല്യയിൽ പ്രവർത്തിക്കുന്ന ദേവസ്വം ലൈബ്രറിക്കാണ് ഈ ദുരവസ്ഥ , പൊതു ജനങ്ങൾക്ക് വായിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിനേക്കാൾ പ്രാധാന്യം ജീവനക്കാരുടെ അവധി ആഘോഷമാണ് മുഖ്യം . അവധി ദിവസങ്ങളിൽ ആണ് റഫറൻസിനും ആനുകാലികങ്ങൾ വായിക്കാനും എല്ലാ പത്രങ്ങളും ഓടിച്ചു നോക്കാനുമായി വിദ്യാർത്ഥികളും മറ്റും ലൈബ്രറിയിൽ എത്തുക .എന്നാൽ ഇവിടെ നേരെ മറിച്ചാണ് .

ദേവസ്വം ലൈബ്രറിയിൽ വരുന്നവർ അവധി എടുത്തു വേണം വരാൻ. അത് കൊണ്ട് തന്നെ ജില്ലയിലെ മികച്ച ലൈബ്രറികളിൽ ഒന്നായ ദേവസ്വം . . ലൈബ്രറിയെ എല്ലാവരും ഉപേക്ഷിച്ച മട്ടാണ് . ജീവനക്കാരുടെ സൗകര്യത്തിനു അനുസരിച്ചു വായനക്കാർക്ക് അവധി ലഭിക്കില്ലല്ലോ .ഫലത്തിൽ ജീവനക്കാർക്ക് ജോലി കൊടുക്കാനുള്ള ഒരു സ്ഥലമായി ഇതിനെ മാറ്റി . ദേവസ്വത്തിൽ ആണെങ്കിൽ താൽക്കാലിക ജീവനക്കാരെ കൂട്ടി മുട്ടി നടക്കാൻ കഴിയാത്ത സ്ഥിതി ആണ് .

ഈ താൽക്കാലികക്കാരിൽ എഴുത്തും വായനയും അറിയാവുന്ന ആരെയെങ്കിലും അവധി ദിവസങ്ങളിൽ ഇവിടേക്ക് നിയമിച്ചാൽ എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കാനും നിരവധി ആളുകൾക്ക് ലൈബ്രറി ഉപയോഗിക്കാനും സാധിക്കും എന്നാൽ ഇതൊക്കെ എന്തിന് എന്നാണ് ദേവസ്വത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട് . അതെ സമയം . വിഷയം തന്റെ ശ്രദ്ധയിൽ ഇപ്പോഴാണ് വന്നതെന്നും ഇതിനു ഒരു പരിഹാരം ഉണ്ടാക്കുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു . .