തെരുവ് വിളക്ക് കത്താത്തതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ തെരുവ് വിളക്ക് കത്താത്തതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍ ആവശ്യപ്പെട്ടു. നഗരത്തിന്റെ ഹൃദയഭാഗത്ത് പോലും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് ബി.ജെ.പി അംഗം ശോഭ ഹരിനാരയണനും പരാതിപ്പെട്ടു.
ടൈമറുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ പലയിടങ്ങളിലും പകല്‍ തെരുവ് വിളക്കുകള്‍ കത്തുകയും രാത്രി കത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. തെരുവ് വിളക്കുകളുടെ ഫ്യൂസുകള്‍ ഘടിപ്പിക്കാനും വിഛേദിക്കാനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. കൗണ്‍സിലര്‍മാരും നാട്ടുകാരും ഇത് ചെയ്യേണ്ട സ്ഥിതിയാണ്. എന്നാല്‍ ജനങ്ങള്‍ ഇരുട്ടില്‍ ആയാലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരല്ലാതെ ആരും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പാടില്ലെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി നിയമം ലംഘിക്കാനും തയ്യാറാണെന്ന് പ്രതിക്ഷ നേതാവ് ഉദയനും പറഞ്ഞു. വാക്ക്തര്‍ക്കം രൂക്ഷമായപ്പോള്‍ ചെയര്‍മാന്‍ തന്നെ ഇടപ്പെട്ട് അവസാനിപ്പിച്ചു.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നഗരസഭയുടെ മൂന്ന് സോണുകളും പ്രത്യകമായി ടെണ്ടര്‍ നല്‍കാന്‍ തീരുമാനിച്ചു. മൂന്ന് സോണുകളിലും പ്രത്യകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമായി യോഗം ചേരും. അതേസമയം യോഗം ചേരും എന്ന് പറയുന്നതല്ലാതെ ചേരുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭയുടെ പൊതുമരാമത്ത് വിഭാഗം നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ ആര്‍.വി.ഷെരീഫ് പരാതിപ്പെട്ടു. നഗരസഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ അജണ്ടയായി വരാറില്ലെന്നും ഷരീഫ് പറഞ്ഞു. ഇടതു സ്വതന്ത്രയായ പി കെ ശാന്തകുമാരിയും ഭരണ പക്ഷവും തമ്മിലുള്ള ഭിന്നത കൗൺസിൽ യോഗത്തിൽ മറ നീക്കി പുറത്തു വന്നു .യോഗത്തില്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.