Header 1 = sarovaram
Above Pot

11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. 11 കിലോ ഹാഷിഷ് ഓയിലാണ് പോലീസ് സംഘം ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയുമധികം ഹാഷിഷ് ഓയില്‍ പോലീസ് പിടികൂടുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബുധനാഴ്ച പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധ്രയിൽ നിന്നും വരികയായിരുന്ന സംഘം പോലീസിന്റെ പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശി കിഷോര്‍, പാവറട്ടി സ്വദേശി അനൂപ്, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിൽ രണ്ടാഴ്ച മുമ്പ് ഇവർ പോലീസിന്റെ കണ്ണുവെട്ടിച്ച് ഹാഷിഷ് ഓയിൽ കടത്തിയിരുന്നു. എന്നാൽ ഇത്തവണ പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള പഴുതുകളെല്ലാം അടച്ചാണ് പോലീസ് വല വിരിച്ചത്.

Astrologer

പ്രതികൾ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് അര്‍ദ്ധരാത്രി മുതല്‍ ദേശീയപാതയിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചു. തുടർന്ന് മുരുങ്ങൂരില്‍ രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഈ വാഹനങ്ങളിൽ നിന്നുമായാണ് 11 കിലോ ഹാഷിഷ് പോലീസ് സംഘം പിടികൂടിയത്. ആന്ധ്രയിൽ നിന്നും ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൊച്ചിയിൽ എത്തിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

ഇത്തരത്തിൽ 38 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഹാഷിഷ് ആണ് പോലീസ് പിടികൂടിയത്. കൊച്ചിയിൽ ഇവ ഗ്രാമിന് 2000 എന്ന നിരക്കിലാണ് വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. വൻ കണ്ണികൾ ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ അടക്കം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Vadasheri Footer