പീഡന പരാതി , പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു
ചാവക്കാട് : ജോലിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും,ജോലിയെ ബാധിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയെന്ന് ആരോപിച്ച് നൽകിയ കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. ചാവക്കാട് പൊലീസ് 2019 -ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയായ ചിറ്റാട്ടുക്കര സ്വദേശിയായ നീലങ്കാവിൽ ധനീഷ് ദേവസി(32)നെ കുറ്റക്കാരനല്ലെന്ന് കണ്ട് കുന്നംകുളം പോക്സോ കോടതി വെറുതെ വിട്ടത് .
രണ്ടര വർഷത്തോളം പ്രണയം നടിച്ച് പ്രതിയുടെ സ്വാധീനം ഉപയോഗിച്ച് പീഡിപ്പിച്ചുവെന്നും തുടർന്ന് പ്രതി വിവാഹത്തിൽ നിന്നും പിൻവാങ്ങുകയും , ഗുണ്ടകളുമായി വന്ന് ഭീഷണിപ്പെടുത്തിയതുമൂലം പരാതിക്കാരി കൈതണ്ട മുറിച്ച് ആത്മഹത്യാശ്രമം നടത്തുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരാതിക്കാരിയുടെ മൊഴി പോലീസ് വന്ന് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ സ്നേഹബന്ധത്തിലുപരിയായി മറ്റൊരു ബന്ധവും പ്രതിക്ക് ഉണ്ടായിരുന്നില്ലെന്നും , സ്നേഹബന്ധം പരാതിക്കാരിയുടെ വീട്ടുകാർ സമ്മതിക്കാത്തതിനാലാണ് പരാതിക്കാരി കൈമുറിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്നും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ടില്ല എന്നുമായിരുന്നു പ്രതിയുടെ വാദം.
പതിനേഴ് രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കുകയും, രണ്ട് പ്രതിഭാഗം സാക്ഷികൾ അടക്കം മൂന്ന് രേഖകൾ പ്രതിഭാഗത്ത് നിന്ന് ഹാജരാക്കിയ ശേഷം പ്രതിക്കെതിരെ കുറ്റം തെളിയിക്കുവാനായില്ല എന്ന് കണ്ടാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി.എ.പ്രദീപ്, എ.ഹരിദാസൻ എന്നിവർ ഹാജരായി.