ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽ വെള്ളം ചേർക്കുന്നതായി ആക്ഷേപം
ഗുരുവായൂര്‍: ആചാരാനുഷ്ഠാനങ്ങള്‍ക്ക് കണിശത കാത്തു സൂക്ഷിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ അതിനു വിപരീതമായി നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപം . അർഹത ഇല്ലാതെ , താന്ത്രിക ചടങ്ങുകളില്‍ ക്ഷേത്രം തന്ത്രി മുഖ്യന്റെ മരുമകന്‍ (മകളുടെ ഭര്‍ത്താവ്) ഇടപെടുന്നതാണ് കീഴ്ശാന്തിക്കാര്‍ക്കിടയിലും, പാരമ്പര്യക്കാര്‍ക്കിടയിലും ആക്ഷേപത്തിന് കാരണം. ക്ഷേത്രത്തിനകത്ത് നടക്കുന്ന മേളത്തിൽ പോലും ജാതീയ വേർ തിരിവ് കാത്തു സൂക്ഷിക്കുന്നത് പോലും ആചാര അനുഷ്ഠാ ത്തിന്റെ പേരിലാണ്
ക്ഷേത്രോത്സവം ആറാം ദിവസമായ ശനിയാഴ്ച്ച ശ്രീഭൂതബലിയ്ക്ക് മുമ്പ് ക്ഷേത്രത്തിനകത്തെ സപ്തമാതൃക്കള്‍ക്ക് ബലി തൂവ്വുന്നിടത്തും, തുടര്‍ന്ന ക്ഷേത്രം ചുറ്റമ്പലത്തിലെ ഭൂതഗണങ്ങള്‍ക്കും, ക്ഷേത്രപാലനും ബലിതൂവ്വുന്നിടത്തും കര്‍മ്മിയോടൊപ്പം തന്ത്രിയുടെ മരുമകനും നടന്നതാണ് കീഴ്ശാന്തിക്കാര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുള്ളത്. ചേന്നാസ് കുടുംബത്തില്‍ ജനിച്ച പുരുഷ വര്‍ഗ്ഗത്തിന് മാത്രം യോഗ്യതയുള്ള താന്ത്രിക ചടങ്ങുകളിലാണ് തന്ത്രിമുഖ്യന്റെ മരുമകന്റെ മകന്റെ കടന്നുകയറ്റമെന്ന് കീഴ്ശാന്തിക്കാര്‍ ആരോപിയ്ക്കുന്നു.
ശാന്തിയേറ്റ കീഴ്ശാന്തിയോ, തന്ത്രി കുടുംബത്തിലെ അംഗങ്ങള്‍ക്കോ മാത്രം ചെയ്യേണ്ട താന്ത്രിക കാര്യങ്ങളിലാണ് തന്ത്രിയുടെ മരുമകന്‍ മുന്‍പന്തിയിലെത്തി കര്‍മ്മിയോടൊപ്പം നടന്നു ബലിതൂവ്വല്‍ ചടങ്ങ് പൂര്‍ത്തിയാക്കിയതത്രെ . ഇത്തരം സങ്കീര്‍ണ്ണമായ ചടങ്ങുകള്‍ നിര്‍വ്വഹിയ്ക്കുന്ന കര്‍മ്മിയെ അയോഗ്യതയുള്ള ഒരാള്‍ ദേഹസ്പര്‍ശം നടത്തിയാല്‍ കര്‍മ്മി വീണ്ടും പോയി കുളിച്ചുവരണമെന്നാണ് ആചാര നിഷ്ഠ.
പാരമ്പര്യ സ്വഭാവമില്ലാത്തവര്‍ ഇത്തരം സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നാണ് ക്ഷേത്രത്തിലെ വ്യവസ്ഥ. ആ വ്യവസ്ഥയേയും, ചിട്ടയേയുമാണ് തന്ത്രിയുടെ മരുമകന്‍ ഇല്ലാതാക്കിയതെന്നും കീഴ്ശാന്തിക്കാരും, പാരമ്പര്യക്കാരും അഭിപ്രായപ്പെടുന്നു.എന്നും ഇവർ ചൂണ്ടി കാട്ടുന്നു .
അതെ സമയം തിരുവിതാം കൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അബ്രാഹ്മണ പൂജാരിമാർ പൂജാ കർമങ്ങൾ നടത്തുന്ന കാലത്താണ് പാരമ്പര്യത്തിന് പിന്നാലെ ചിലർ പായുന്നതെന്നാണ് തന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം .പണ്ട് കടൽ കടന്ന് പോയാൽ നമ്പൂതിരി സമുദായ അംഗം ജാതി ഭ്രഷ്ട് നേരിടേണ്ടി വന്നിരുന്നു ,അത് പോലെ കുടുമയും നമ്പൂതിരിക്ക് നിർബന്ധമായിരുന്നു , സ്ത്രീകൾ മാറു മറക്കാതെ ആണ് ക്ഷേത്ര ദർശനം നടത്തേണ്ടത് എന്നായിരുന്നു പഴയ ആചാരം, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ട് അതെല്ലാം ഓർമ്മ മാത്രമായി. അത് പോലെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്