സർക്കാരിനെ അറിയിക്കാതെ ശമ്പളം വർധിപ്പിച്ച കെഎസ്ഇബി നടപടി ചട്ടവിരുദ്ധം : ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ
തിരുവനന്തപുരം∙ സർക്കാരിനെ അറിയിക്കാതെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച കെഎസ്ഇബിക്ക് ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ വിമർശനം. ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത് സർക്കാർ അനുമതിയോടെ വേണമെന്ന ഉത്തരവുണ്ടായിട്ടും അതു പാലിക്കാതെ വർധന വരുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നും കെഎസ്ഇബിയുടെ നഷ്ടം ഇതിലൂടെ വർധിക്കുമെന്നും ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടി. കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക് കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്‍ശനം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്.
ഈ നഷ്ടമടക്കം നികത്തുന്നതിനാണ് നിരക്കു വർധനയ്ക്കായി താരിഫ് പെറ്റീഷൻ കെഎസ്ഇബി റഗുലേറ്ററി കമ്മിഷനു സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവു മറികടന്ന് കമ്പനി ഫുൾബോർഡ് അംഗീകാരം പോലും ഇല്ലാതെ 1200 കോടി ബാധ്യത ഏറ്റെടുത്തതു പൂർണ ഉത്തരവാദിത്തമുള്ള സമീപനമാണോ എന്ന വിമർശനം കെഎസ്ഇബി ചെയർമാനും ഉന്നയിച്ചിരുന്നു. നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായ കെഎസ്ഇബിയുടെ 2021 മാർച്ചിലെ നഷ്ടം 7,160.42 കോടി രൂപയായിരുന്നെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ശമ്പളവും ആനുകൂല്യവും വർധിപ്പിക്കുമ്പോഴുണ്ടാകുന്ന വാർഷിക അധിക ബാധ്യത 543 കോടിയാണ്. പെൻഷൻ പരിഷ്ക്കരണം കൂടിയാകുമ്പോൾ നഷ്ടം കൂടും. കേഡർ പേ സംവിധാനം തുടരരുതെന്ന് 2016 ൽ തന്നെ സർക്കാർ നിർദേശം നൽകിയിരുന്നു. കെഎസ്ഇബിയിലെ ജീവനക്കാരുടെ ശമ്പളവും അലവൻസും വർധിപ്പിക്കുമ്പോൾ പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ സർക്കാരുമായി ആലോചിക്കണമെന്നും മുൻകൂർ അനുമതി വാങ്ങണമെന്നും ഇക്കാര്യം ചെയർമാനും ബോർഡ് അംഗങ്ങളും ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു.
സ്ഥാപനങ്ങൾ ശമ്പളവർധന നടപ്പാക്കുകയും പീന്നീട് സർക്കാരിന്റെ അനുമതി വാങ്ങുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് 2021 ജനുവരി 18ന് ഇറക്കിയ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ സ്ഥാപനങ്ങൾ ശമ്പളവർധന നടപ്പിലാക്കാവൂ എന്നും സർക്കാർ നിർദേശിച്ചു. എന്നാൽ, 2021 ഫെബ്രുവരി 15ന് ചേർന്ന ബോർഡ് യോഗം വർക്ക്‌മെൻ–ഓഫിസർമാരുടെ ശമ്പളം 2018 ഓഗസ്റ്റ് ഒന്ന്, ജൂലൈ ഒന്ന് എന്ന മുൻകാലപ്രാബല്യത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചു. ഇതിലൂടെ പ്രതിമാസം 45.25 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി.
2021 ഫെബ്രുവരി 26ന് ഇതു സംബന്ധിച്ച ഉത്തരവ് കെഎസ്ഇബി പുറത്തിറക്കി. മാർച്ച് മുതൽ പുതുക്കിയ ശമ്പളം നൽകാനായിരുന്നു നിർദേശം. ശമ്പള –ആനുകൂല്യ ഇനത്തിൽ 1,011 കോടിരൂപ കുടിശിക നൽകാനും തീരുമാനിച്ചു. യോഗത്തിനുശേഷമാണ് സർക്കാരിനോട് അനുമതി തേടിയത്. 1,011 കോടിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സർക്കാരിനെ അറിയിച്ചില്ല. 2016 ലെ ശമ്പള–ആനുകൂല്യവർധനയ്ക്കും സർക്കാരിൽനിന്ന് അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതെ സമയം കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു . മന്ത്രി കൃഷ്ണൻകുട്ടിയെ സംഭവവുമായി ബന്ധപ്പെട്ട് എം.എ മണി വിരട്ടുകയാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. വൈദ്യുതി ബോർഡ് ചെയർമാന്റെ ആരോപണം തെറ്റാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകൾ സി.പി.എം സംഘങ്ങൾക്ക് കൈമാറി. വൈദ്യുതി ബോർഡ് റെഗുലേറ്ററി കമീഷൻ അറിയാതെ 6000 പേർക്ക് നിയമനം നൽകി. ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ നടന്നത് അഴിമതിയാണ്.വൈദ്യുതി ബോർഡ് ഭൂമി നടപടി ക്രമങ്ങൾ ലംഘിച്ച് ആർക്ക് കൊടുത്താലും അന്വേഷിക്കണം. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.