ഗുരുവായൂരിൽ വൻ ചാരായ വേട്ട , 15 ലിറ്റർ ചാരായവും ,100 ലിറ്റർ വാഷും പിടികൂടി, യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : പതിനഞ്ച് ലിറ്റർ ചാരായവും, 100 ലിറ്റർ വാഷുമായി കണ്ടാണശേരിയിൽ യുവാവ് പിടിയിൽ. കണ്ടാണശ്ശേരിയിൽ താമസിക്കുന്ന മണത്തിൽ വീട്ടിൽ ശിവദാസ് (43) ആണ് ഗുരുവായൂർ പോലീസിൻെറ പിടിയിലായത്.
തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഡാഡ് ഓപ്പറേഷൻെറ ഭാഗമായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷിന്റെ മേൽ നോട്ടത്തിൽ ഗുരുവായൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ പി.കെ മനോജ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിച്ചിരുന്ന വീടിന്റെ ബാത്ത് റൂമിൽ നാടൻ ചാരായം വാറ്റി കൊണ്ടിരിക്കുന്നതായി കണ്ടെത്തിയത്. ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ
കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലാണ് ശിവദാസിനെ അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ പോലീസ് 15 ലിറ്റർ നാടൻ ചാരായവും, നൂറ് ലിറ്റർ വാഷും, വാറ്റുവാൻ ഉപയോഗിച്ച സാധനസാമഗ്രികളും പിടിച്ചെടുത്തു. കുന്നംകുളം തഹസിൽദാർ സുനിൽകുമാറിന്റെ സാനിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ കെ.എൻ. സുകുമാരൻ, ഗ്രേഡ് അസിസ്റ്റൻറ് പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ എം.ആർ സജീവ്, കെ.ബി ജലീൽ, പി.എസ് സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബബിൻദാസ്, മനീഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു