ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്ന് യുഎസ്
വാഷിങ്ടൻ∙ ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്ന് യുഎസ്. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ വെളിപ്പെടുത്തി.
വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച നടത്തിയ സൈനിക നീക്കത്തിലാണ് അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടത്. സൈനികരുടെ ധീരതയ്ക്കു നന്ദി അറിയിക്കുന്നതായും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. സൈനിക നീക്കത്തിനു ശേഷം യുഎസ് സൈനികരെല്ലാം തിരിച്ചെത്തിയെന്നും ബൈഡൻ അറിയിച്ചു. ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടതായാണു പ്രാഥമിക വിവരം.
അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം എങ്ങനെയായിരുന്നോ അതിനു സമാനമാണു ഖുറേഷിയുടേതെന്നുമാണ് യുഎസ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം. യുഎസ് ആക്രമണത്തിനിടെ സ്വയം പൊട്ടിത്തെറിച്ചാണ് ബഗ്ദാദി മരിച്ചത്. ബഗ്ദാദിയുടെ മൂന്നു മക്കളും അന്നു കൊല്ലപ്പെട്ടു. യുഎസ് സൈന്യം എത്തിയപ്പോൾ, സ്വയം പൊട്ടിത്തെറിച്ചാണു ഖുറേഷിയും മരിച്ചത്. ഒപ്പം ഖുറേഷിയുടെ കുടുംബവും കൊല്ലപ്പെട്ടു. ഇയാൾക്കെതിരായ യുഎസ് നീക്കത്തിനു ശേഷം പ്രദേശത്തുനിന്ന് 13 മൃതദേഹങ്ങളാണു കണ്ടെത്തിയത്.
ഇറാഖ് പൗരനായ ഖുറേഷി, തുർക്ക്മെൻ വിഭാഗക്കാർക്കു മുന്‍തൂക്കമുള്ള തല്‍ അഫർ സ്വദേശിയാണ്. അമിർ മുഹമ്മദ് സയിദ് അബ്ദുൽ റഹ്മാൻ അൽ മാവിയ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. 10 മില്യൻ ഡോളറാണ് ഖുറേഷിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് യുഎസ് സർക്കാർ പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്. അൽ ഖായിദ ഭീകര സംഘടനയിലെ ഉന്നതനെയാണ് യുഎസ് സൈനിക നീക്കത്തിൽ ലക്ഷ്യമിട്ടതെന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന വിവരം. ഭീകര സംഘടനാ തലവന്‍, വാടകക്കാരനായി സാധാരണ ജീവിതമാണു നയിച്ചിരുന്നതെന്ന് കെട്ടിടത്തിന്റെ ഉടമ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
അയാളിവിടെ 11 മാസത്തോളമായി താമസിക്കുന്നു. സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ല. അയാൾ വരും, വാടക തരും, പോകും. മൂന്നു കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. അയാളുടെ വിധവയായ സഹോദരിയും അവരുടെ മകളും കൂടെയുണ്ടായിരുന്നതായും കെട്ടിട ഉടമ അബു അഹമ്മദ് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. ആദ്യം ചെറിയ സ്ഫോടനങ്ങളുടെയും പിന്നീടു വലിയ സ്ഫോടനത്തിന്റെയും ശബ്ദം കേട്ടിരുന്നതായി അത്മെ നഗരത്തില്‍ താമസിക്കുന്ന അബു അലി എന്നയാൾ വാർത്താ ഏജൻസിയോടു പറഞ്ഞു. ഹെലികോപ്റ്ററിലെത്തിയ യുഎസ് സേന ‘ഭയപ്പെടരുത്’ എന്നു നഗരവാസികളോടു പറഞ്ഞിരുന്നത്രേ. ഭീകരരെ തുടച്ചുനീക്കാൻ ഒരു വീട്ടിലേക്കാണു പോകുന്നതെന്നും സൈനികർ ലൗഡ് സ്പീക്കറിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ഇദ്‍ലിബ് പ്രവിശ്യയുടെ വടക്കാണ് അത്മെ നഗരം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച അർധരാത്രി നഗരാതിർത്തിയിൽ യുഎസ് സൈനിക ഹെലികോപ്റ്റർ ഇറങ്ങുകയായിരുന്നു. ആക്രമണത്തിന്റെ ഏതാനും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററുകൾ മടങ്ങുന്നതിനു രണ്ട് മണിക്കൂർ മുൻപു വരെ വെടിയൊച്ചകൾ കേട്ടിരുന്നതായാണു പ്രദേശവാസികൾ പറയുന്നത്. സാങ്കേതിക തകരാറുകൾ കാരണം ഒരു ഹെലികോപ്റ്റര്‍ സ്ഥലത്ത് ഉപേക്ഷിച്ചാണ് സൈനികർ മടങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതു സൈനികർ തന്നെ ആകാശത്തുനിന്ന് ആക്രമിച്ചു തകർക്കുകയും ചെയ്തു.
ആക്രമണത്തിനു ശേഷം രണ്ടു നിലയുള്ള കെട്ടിടം ആകെ തകർന്ന നിലയിലായിരുന്നെന്നാണു റിപ്പോർട്ടുകൾ. അതിശക്തമായ പോരാട്ടം നടന്നതിനു തെളിവുകൾ കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിലുണ്ട്. കെട്ടിടത്തിന്റെ ജനാലകളെല്ലാം തകർന്നു. സീലിങ് കത്തിനശിച്ചു. മേല്‍ക്കൂര ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. മുറികളുടെ ചുവരുകളിലും തറയിലും രക്തം തളം കെട്ടിക്കിടക്കുന്നു. വാതിലുകളും കിടക്കകളുടെ അവശിഷ്ടങ്ങളും തറയിലുണ്ടായിരുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന ഇദ്‌ലിബ് മേഖലയിൽ കുറച്ചു മാസങ്ങളായി യുഎസ് സേന ഭീകരവിരുദ്ധ നീക്കങ്ങൾ തുടരുകയാണ്. സിറിയൻ ഭരണാധികാരി ബഷാർ അൽ അസദിനെ എതിർക്കുന്ന ഒടുവിലെ മേഖലയാണിത്. മുപ്പത് ലക്ഷത്തോളം പേർ താമസിക്കുന്ന ഇവിടെ ജിഹാദിസ്റ്റുകൾക്കാണു മേധാവിത്തം.
സിറിയൻ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആളുകളുടെ വലിയ ക്യാംപുകൾ ഉള്ള നഗരമാണ് ആക്രമണം നടന്ന അത്മെ. ഭീകരർ സാധാരണക്കാർക്കിടയിൽ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നു വിദഗ്ധർ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. തിരിച്ചുവരവിനു ശ്രമിക്കുന്ന ഭീകര സംഘടന അൽഖായ്ദ സിറിയയെ സുരക്ഷിത കേന്ദ്രമാക്കുന്നതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയൻ സർക്കാരും അവരെ പിന്തുണയ്ക്കുന്ന റഷ്യയും ഇദ്‍ലിബ് മേഖലയില്‍ ഭീകരവേട്ട നടത്താറുണ്ട്. വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് നിയന്ത്രണത്തിലുള്ള ജയിൽ ഐഎസ് ദിവസങ്ങൾക്കു മുൻപ് ആക്രമിച്ചിരുന്നു. ജയിലിലുള്ള ഭീകരരെ മോചിപ്പിക്കുന്നതിനായിരുന്നു നീക്കം. ഐഎസ് അടുത്ത കാലത്തു നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. നൂറു കണക്കിനു പേർ കൊല്ലപ്പെട്ടു.