വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് : അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ സിദ്ദിഖ് മകൻ അജ്മൽ (25), തൊട്ടാപ്പ് കാര്യേടത്ത് വീട്ടിൽ നിസാമുദ്ദീൻ മകൻ ഹുസൈൻ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഈ മാസം മൂന്നിന് പുലർച്ചെ കടപ്പുറം അടിതിരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വീട് കുത്തിത്തുറന്നാണ് പ്രതികൾ മൂന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്.
പരാതിയെ തുടർന്ന് സൈബർ സെൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും രണ്ട് മൊബൈൽ ഫോൺ പിടികൂടുകയും ചെയ്തു. എറണാകുളത്ത് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് അജ്മൽ. പാലക്കാട് വെച്ച് 9 കിലോ കഞ്ചാവുമായി ഹുസൈന് പിടികൂടിയിട്ടുണ്ട്. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരും.
ചാവക്കാട് എസ്. എച്ച്. ഒ. കെ എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ. എം. യാസിർ, സിനോജ്, എ. എസ്. ഐ. സജിത്ത് കുമാർ, എസ്. സി. പി. ഒ. പ്രജീഷ്, സിപിഒ മാരായ ആശിഷ്, പ്രദീപ്, സിനീഷ്,റെജിൽ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.