ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം .
ഗുരുവായൂര്‍ : നഗരസഭയുടെ അമ്പാടി ടൂറിസ്റ്റ് ഹോമിലെ ശുചിമുറി മാലിന്യം കാനയിലേക്കൊഴുക്കിയതിലും, താത്കാലിക ബസ്റ്റാന്‍ഡില്‍ രാത്രിയില്‍ വെളിച്ചം ഇല്ലാത്തതിനെ ചൊല്ലിയും കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേമ്പറിന് മുന്നിലെത്തി ബഹളം തുടര്‍ന്നതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത് കയ്യാങ്കളിയുടെ വക്കിലെത്തി.
കൗണ്‍സില്‍ യോഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് കെ.പി.ഉദയനാണ് കാനയിലേക്ക് ശുചിമുറി മാലിന്യം ഒഴൂക്കുന്നത് ക്രമപ്രശ്‌നമായി ഉന്നയിച്ചത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്നത് നഗരസഭയുടെ വീഴ്ചയായി ഉദയന്‍ ചൂണ്ടികാട്ടി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റതോടെ ഭരണപക്ഷം എതിര്‍ത്തു. ഇതോടെ യോഗം ബഹളമയമായി. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ ടൂറിസ്റ്റ് ഹോം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതായി ചെയര്‍മാന്‍ എം.കൃഷ്ണദാസ് അറിയിച്ചതോടെയാണ് അംഗങ്ങള്‍ ശാന്തരായത്. ടൂറിസ്റ്റ് ഹോമില്‍ നിന്നുള്ള മാലിന്യം അഴുക്ക്ചാല്‍ പദ്ധതിയിലേക്ക് ബന്ധിപ്പിച്ചതിന് മാത്രമേ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കുവെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നിടത്തും ഇതിനോട് ചേര്‍ന്നുള്ള താത്കാലിക ബസ്റ്റാന്‍ഡിലും രാത്രിയില്‍ വെളിച്ചമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.സുജിത് ആണ് പരാതിപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അജന്‍ഡക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ പറഞ്ഞതോടെ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മൊബൈല്‍ ഫോണില്‍ ടോര്‍ച്ച് തെളിയിച്ച് നടുത്തളത്തിലിറങ്ങി.
ഉടനെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേംമ്പറിന് മുന്നില്‍ പ്രതിരോധ വലയം തീര്‍ത്തു. ഇതോടെ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. ഏറെ നേരം നീണ്ട ബഹളത്തിനൊടുവില്‍ ചെയര്‍മാന്‍ അംഗങ്ങളെ ശാന്തരാക്കി ഇരിപ്പിടങ്ങളിലേക്ക് തിരിച്ചയച്ചു. പിന്നീട് വന്ന അജന്‍ഡയില്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നിടത്ത് വെളിച്ചമില്ലെന്ന് ചെയര്‍മാന്‍ തുറന്ന് സമ്മതിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഇതിന് പരിഹാരം കാണുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
അമൃത് പദ്ധതിയിൽ ബാക്കിയുള്ള 2,28,00,000 രൂപ രൂപ ഉപയോഗിച്ച് മമ്മിയൂർ ഗുരുവായൂർ റോഡിൽ രണ്ടാമത്തെ കാന നിർമിക്കണമെന്ന പി കെ ശാന്തകുമാരിയുടെ നിർദേശം ചെയർ മാൻ തള്ളി കളഞ്ഞു, ഇപ്പോൾ നിർമിച്ച കാനകൾ മൂലം റോഡുകൾ വീതി കുറഞ്ഞു പോയെന്നും റോഡ് വീതി കൂട്ടാതെ ഇനിയും കാന നിർമിക്കാൻ കഴിയില്ലെന്നും ചെയർമാൻ പറഞ്ഞു .മഹാരാജ ജംഗ്‌ഷനിലും സ്ഥലം ഏറ്റെടുത്തതിന് ശേഷമെ കാന നിർമിക്കാൻ പാടുള്ളു എന്ന കെ പി എ റഷീദിന്റെ നിർദേശത്തെ ചെയർ മാൻ പിന്തുണച്ചു
നഗരത്തിലെ വെള്ളകെട്ട് പരിഹരിക്കുവാന്‍ വേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കാനും ഈ മാസം 20നുള്ളില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും സമ്പൂര്‍ണ ഖരമാലിന്യ മുക്ത വാര്‍ഡുകളായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. ഇതിനായി വാര്‍ഡ് കൗണ്‍സിലര്‍മാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ബ്രഹ്‌മകുളത്തെ കുട്ടികളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലുള്ള ശ്മശാനം കുട്ടികളുടെ വായനശാലയാക്കാനും തീരുമാനമായി. വരുമാന നഷ്ടം ഉണ്ടാകുമെന്നതിനാല്‍ നഗരസഭ സ്ഥാപനങ്ങളിലെ കടമുറികളുടെ ആറ് മാസത്തെ വാടകയില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുഷ്‌പോത്സവം നടത്താനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു