മമ്മിയൂരിൽ അതിരുദ്രയജ്ഞത്തിന് തിങ്കളാഴ്ച്ച തുടക്കമാകും
ഗുരുവായൂർ : മമ്മിയൂരിൽ അതിരുദ്രയജ്ഞത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. മഹായജ്ഞത്തിൻ്റെ ഭാഗമായുുള്ള സാംസ്ക്കാരിക സമ്മേളനത്തി്നും ദേശീയ സെമിനാറിനും തുടക്കമായി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചായിരുന്നു സമാരംഭം.
സമ്മേളനോദ്ഘാടനം ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു.
ദേശീയ സെമിനാർ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ഏർപ്പെടുത്തിയ വേദപണ്ഡിത പുരസ്‌ക്കാരം നാറാത്ത് രവീന്ദ്രൻ നമ്പൂതിരി , സംസ്‌കൃത പുരസ്‌ക്കാരം വി. രാമകൃഷ്ണഭട്ട്, ക്ഷേത്രകല പുരസ്‌ക്കാരം മാങ്ങോട് അപ്പുണ്ണി തരകൻ എന്നിവർ ഏറ്റുവാങ്ങി. 10,000രൂപയും പ്രശസ്തി പത്രവുമ ടങ്ങുന്നതായിരുന്നു പുരസ്‌ക്കാരം.
11 പേർക്ക് 10000 രൂപ വീതമുള്ള ചികിത്സാധനസഹായ വിതരണവുമുണ്ടായി. അതിരുദ്ര പ്രമോവീഡിയോ പ്രവർത്തകരായ അഭിനന്ദ് ബാബു, ദേവനന്ദ രാജേഷ് മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്ഷേത്രത്തിൽ പ്രത്യകം തയ്യാറാക്കിയ ശാലയിൽ ഇന്ന് പുലർച്ചെ നാലിന് യജ്ഞം തുടങ്ങും. 11ഖണ്ഡങ്ങളിൽ ഒന്നിൽ 11എന്ന കണക്കിൽ 121കലശങ്ങളിൽ പാൽ, തൈര്, നെയ്യ്,തേൻ, പഞ്ചഗവ്യം, ചെറുനാരങ്ങനീർ, കരിമ്പിൻനീർ, ഇളനീർ, നല്ലെണ്ണ, പഞ്ചാമൃതം, അഷ്ടഗന്ധം എന്നീ ശ്രേഷ്ഠ ദ്രവ്യങ്ങൾ നിറച്ച് ഓരോ ഖണ്ഡത്തിലും 11കലശങ്ങൾക്ക് ചുറ്റും 11 വീതംവേദജ്ഞർ ഇരുന്ന് ശ്രീരുദ്രമന്ത്രം ജപിച്ച് മഹാദേവന് അഭിഷേകം ചെയ്യുന്നതാണ് ചടങ്ങ്.. 11-ാം ദിവസമായ ജനുവരി 6ന് വസോർധാരയോടെ യജ്ഞം സമാപിക്കും. തന്ത്രിചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.
ദിവസവും രാവിലെ 9 മുതൽ ഭക്തി പ്രഭാഷണം, പാഠകം, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, ശീതങ്കൽ തുള്ളൽ, പറയൻതുള്ളൽ, അന്നദാനം എന്നിവയും കലാപരിപാടികളും ഉണ്ടാകും. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മലബാർ ദേവസ്വം ചെയർമാൻ എം.ആർ.മുരളി, ശിവദാസ് പാക്കത്ത്,.സി.എം.നീലകണ്ഠൻ, കൗൺസിലർമാരായ രേണുക ശങ്കർ, ശോഭ ഹരി നാരായണൻ, ബോർഡ് അംഗങ്ങളായ കെ.കെ.ഗോവിന്ദദാസ്, പി. സുനിൽകുമാർ, ചെറുതയൂർ ഉണ്ണികൃഷ്ണൻ, എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി.വിജയി, മുൻ എക്സിക്യൂട്ടിവ് ഓഫീസർ എം.വി.സദാശിവൻ, ജീവനക്കാരുടെ പ്രതിനിധി പി.സി.രഘുനാഥ് രാജ എന്നിവർ സംസാരിച്ചു.