കേരളത്തിൽ നിന്നും ആദ്യമായി ആറ് ബുക്സ് ഓഫ് റെക്കോർഡിൽ അമ്മയും മകനും.
ഗുരുവായൂർ : കേരളത്തിൽ നിന്നും ആദ്യമായി ആറ് ബുക്സ് ഓഫ് റെക്കോർഡിൽ അമ്മയെയും മകനെയും ആദരിച്ചു. ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ നിന്നും രണ്ട് റെക്കോർഡ്സും, കലാംസ് വേൾഡ് റെക്കോർഡ്സിൽ നിന്നും ഒരു റെക്കോർഡും, വേൾഡ് ഓഫ് റെക്കോർഡ്സ് ഓഫ് ഇന്ത്യയിൽ നിന്നും ഒരു റെക്കോർഡും നേടി ആധവ്ജിത്ത് എന്ന ഒന്നര വയസ്സുകാരനും, ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്സ് എന്നിവയിൽ നിന്നും രണ്ട് റെക്കോർഡുകൾ നേടി അമ്മ സൗമ്യശ്രീയും. ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ കോട്ടപ്പടിയിൽ നിന്നാണ് ഈ അപൂർവ്വ നേട്ടവുമായി ഇവർ നാടിന് അഭിമാനമാകുന്നത്.
ഈ ചെറുപ്രായത്തിൽ തന്നെ തനിക്കു ചുറ്റുമുള്ളതും അല്ലാത്തതുമായ എന്തിനെക്കുറിച്ചു ചോദിച്ചാലും ആധവിന് ഉത്തരമുണ്ട്.
എത്ര പ്രയാസം നിറഞ്ഞ പേരുകളും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ മിടുക്കൻ പഠിച്ചെടുക്കും. ഏതൊരു ഇംഗ്ലീഷ് വാക്ക് കണ്ടാലും അതിലെ അക്ഷരങ്ങൾ തെറ്റാതെ വായിക്കും.
52 മൃഗങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ 2 മിനിറ്റ് 41 സെക്കൻ്റ് കൊണ്ട് പറയും.
ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും, വാക്കുകളും സെക്കൻ്റുകൾ കൊണ്ടു പറയും.
കൂടാതെ പച്ചക്കറികൾ, പഴങ്ങൾ, ചെടികൾ, ഹൈജിൻ ഐറ്റംസ്, സസ്യങ്ങൾ, നിറങ്ങൾ, വാഹനങ്ങൾ തുടങ്ങി അഞ്ഞൂറിൽ അധികം വാക്കുകൾ ഇംഗ്ലീഷ് ഭാഷയിൽ പറയും ഈ കൊച്ചു മിടുക്കൻ.
ആധവിൻ്റെ അമ്മ സൗമ്യശ്രീ അദ്ധ്യാപികയാണ്. മൈക്രോ ഹാൻഡ്റൈറ്റിംഗ് എന്ന വിഷയത്തിലാണ് ഇവർ രണ്ട് റെക്കോർഡുകൾ നേടിയിരിക്കുന്നത്.
ഏറ്റവും അധികം വാക്കുകൾ ഇംഗ്ലീഷ് ഭാഷയിൽ ഉച്ഛരിക്കുകയും തിരിച്ചറിയുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന അംഗീകാരമാണ് ആധവിന് കിട്ടിയിരിക്കുന്നത്.
ആർമിയിൽ ജൂനിയർ കമാൻ്റിങ്ങ് ഓഫീസറായ അച്ഛൻ പ്രജിത്തിൻ്റെ പൂർണ്ണ പിന്തുണയുണ്ട് ഇവരുടെ വിജയത്തിനു പിറകിൽ.
ആദര ചടങ്ങിൽ സഞ്ജീവനി സേവാസമിതിയുടെ പ്രസിഡൻ്റ് സ്മിത സദാനന്ദൻ, സെക്രട്ടറി ഷീബ സുനിൽ, ട്രഷറർ രമ്യ സതീഷ്, വൈസ് പ്രസിഡൻ്റ് അഭിലാഷ് പി.വി, ജോയിൻ്റ് സെക്രട്ടറി ഗിരീഷ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ രജനീഷ്, സതീഷ് കൊട്ടിലിങ്ങൽ എന്നിവർ പങ്കെടുത്തു.