ഗുരുവായൂരിൽ ദ്വാദശി പണം സമർപ്പിക്കാൻ വൻ ഭക്ത ജനത്തിരക്ക്, ആകെ ലഭിച്ചത് 8.28 ലക്ഷം രൂപ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായ ദ്വാദശി പണം സമർപ്പിക്കാൻ വൻ ഭക്ത ജനത്തിരക്ക് . രാത്രി 12 ശേഷം തുടങ്ങിയ സമര്പ്പണം രാവിലെ ഒൻപത് വരെ തുടർന്നു. 8,28,320 രൂപയാണ് ആകെ ലഭിച്ചത് പെരുവനം ,ഇരിങ്ങാലക്കുട ,ശുകപുരം എന്നെ ഗ്രാമങ്ങളിൽ നിന്നുള്ള അഗ്നി ഹോത്രികളാണ് ദ്വാദശി പണം സ്വീകരിക്കാൻ എത്തിയത് .
ശുകപുരം ഗ്രാമത്തിൽ നിന്നും പുത്തീഴത്ത് രാമാനുജൻ അക്കിത്തിരിപ്പാട് ,ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട് , പെരുവനം ഗ്രാമത്തിൽ നിന്നും പെരുമ്പടപ്പ് വൈദികൻ ഋഷി കേശൻ സോമയാജിപ്പാട് ,ആരൂര് വാസുദേവൻ അടിതിരിപ്പാട് ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്നും നടുവിൽ പഴയിടത്ത് നീലകണ്ഠൻ അടിതിരിപ്പാട് എന്നീ അഞ്ചു അഗ്നി ഹോത്രികളാണ് കൂത്തമ്പലത്തിൽ ദ്വാദശി പണം സ്വീകരിച്ച് ഭക്തരെ അനുഗ്രഹിക്കാൻ ഇരുന്നിരുന്നത്
ആകെ ലഭിച്ച 8,28,320 രൂപ നാലായി പങ്ക് വെച്ച് ഭഗവാന്റെ വിഹിതമായ 2,07,080 രൂപ ഭഗവാന് സമർപ്പിച്ചു മറ്റു മൂന്നു ഭാഗവുമായി അഗ്നി ഹോത്രികൾ മടങ്ങി . കഴിഞ്ഞ വർഷം കോവിഡ് രോഗം മൂർച്ഛിച്ചുനിൽക്കുന്ന സമയത്ത് ആകെ ലഭിച്ചത് 2,38,000 രൂപ മാത്രമായിരുന്നു .അതെ സമയം 2019 ൽ 11,63,472 രൂപയാണ് ഭക്തർ സമർപ്പിച്ചിരുന്നത്
ദ്വാദശി പണ സമർപ്പണത്തിന് ശേഷം ദ്വാദശി ഊട്ടിലും ആയിരങ്ങൾ പങ്കു കൊണ്ടു. . കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്ക ഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടായിരുന്നത് . വ്യാഴാഴ്ച . ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത്