ക്ഷേത്ര നടയിൽ മാല പൊട്ടിക്കൽ തകൃതി , പോലീസിനെ കൂച്ചു വിലങ്ങിട്ട് ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കർശന നിലപാട് കാരണം ദർശനത്തിന് എത്തിയ മൂന്ന് വയോധികർക്ക് അവരുടെ ആകെയുള്ള സമ്പാദ്യമായ താലി മാല നഷ്ടപ്പെട്ടു . ഉച്ചക്ക് രണ്ടു മണി വരെ ഓൺലൈൻ വഴി ബുക്ക് ചെയ്തവരെ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നത് .അതിനാൽ
ഓൺ ലൈൻ വഴി ബുക്ക് ചെയ്യാൻ കഴിയാത്ത നൂറുകണക്കിന് വയോധികരടക്കം പുറത്ത് ദീപ സ്തംഭത്തിന്റെ സമീപം നിന്ന് ഭഗവാനെ തൊഴുത് സായൂജ്യമടങ്ങി .
ഇതോടെ ദീപസ്തംഭത്തിന് സമീപം വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിരക്ക് മാല പൊട്ടിക്കൽ സംഘത്തിന് വൻ നേട്ടവുമായി മാറി . മൂന്ന് വയോധികരുടെ മാലയാണ് ഇത് കാരണം നഷ്ടപ്പെട്ടത്. രണ്ട് വയോധികർ തൊഴുത് മാറിയപ്പോഴാണ് ഓരോ പവൻ തൂക്കമുള്ള മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത് , മൂന്നാമത്തെ ആൾ പടിഞ്ഞാറെ നടയിൽ എത്തിയപ്പോഴാണ് മാല പോയി എന്ന് മനസിലാക്കിയത് . മാല നഷ്ടപ്പെട്ട ചാലിശ്ശേരിയിൽ നിന്നും എത്തിയ വയോധിക വസന്ത (61) മാത്രമാണ് പോലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയത് മറ്റുള്ളവർ തങ്ങളുടെ വിധി യെ പഴിച്ചു വീട്ടിലേക്ക് മടങ്ങി . പോകുമ്പോൾ മോഷ്ടാക്കളെ മാത്രമാകില്ല മനസുകൊണ്ട് ശപിച്ചത് വായിൽ വെള്ളി കരണ്ടിയുമായി ജനിച്ച ഭരണാധികാരികളെയും ശപിച്ചിട്ടുണ്ടായിരിക്കും
പ്രസാദം പദ്ധതിയിൽ പെടുത്തി കേന്ദ്ര സർക്കാർ രണ്ടു കോടി ചിലവഴിച്ചാണ് ക്ഷേത്രത്തിനു ചുറ്റും വീണ്ടും പുതിയ കാമറകൾ സ്ഥാപിച്ചത് . നേരത്തെ കോടികൾ ചിലവഴിച്ചു സ്ഥാപിച്ച കാമറകൾ പ്രവർത്തന രഹിതമായതോടെ യാണ് വീണ്ടും കോടികൾ മുടക്കി അത്യാധുനിക കാമറകൾ സ്ഥാപിച്ചത് . എന്നാൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യത ഉള്ള പൊലീസിന് സിസി ടി വി കാമറ ദൃശ്യങ്ങൾ കാണാൻ അനുമതിയില്ല .
മോഷണം നടന്നു എന്നറിഞ്ഞാൽ ദേവസ്വത്തിന് അപേക്ഷ നൽകി ദിവസങ്ങളോളം ദേവസ്വം ഓഫീസിൽ കയറി ഇറങ്ങിയാൽ മാത്രമെ പൊലീസിന് ദൃശ്യങ്ങൾ ലഭിക്കുകയുള്ളു അപ്പോഴേക്കും മോഷ്ടാക്കൾ സംസ്ഥാനം തന്നെ വിട്ടിരിക്കും. സി സി ടി വി ദൃശ്യങ്ങൾ കണ്ട്രോൾ റൂമിലിരുന്ന് വീക്ഷിക്കാൻ പൊലീസിന് അവസരം നൽകാൻ ദേവസ്വം ഭരണ സമിതി ഒരിക്കലും സമ്മതിക്കില്ല . അവരുടെ പ്രവർത്തികൾ സുതാര്യ മല്ലാത്തതും,പോലീസ് കാണാൻ പാടില്ലാത്ത എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നത് കൊണ്ടുമാണ് തല്സമയം സിസി ടി വി ദൃശ്യങ്ങൾ കാണാൻ പൊലീസിന് അനുമതി നൽകാത്തത് എന്ന ആക്ഷേപം ശക്തമാണ് .
മാലിന്യം വലിച്ചെറിയാതിരിക്കാൻ ചില റസിഡന്റ് അസോസിയേഷനുകൾ കാമറയുടെ ഡമ്മി സ്ഥാപിച്ച് നിങ്ങൾ കാമറ നിരീക്ഷണത്തിലാണെന്ന് എഴുതി വെച്ച് മാലിന്യം നിക്ഷേപിക്കാൻ വരുന്നവരെ ഭയപ്പെടുത്തുന്നത് പോലെയുള്ള സ്ഥിതിയാണ് നിലവിൽ ഗുരുവായൂരിൽ. ഓരോ തവണയും സുരക്ഷക്കായി ഒഴുക്കുന്ന കോടികൾ കടലിൽ കായം കലക്കുന്ന പ്രവർത്തിയായി മാറുകയാണ് ഗുരുപവനപുരിയിൽ.