യേശുദാസിന്റെ പാട്ടുകൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കും , ചില ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന് പ്രവേശനമില്ല : മന്ത്രി കെ രാധാകൃഷ്ണൻ
ഗുരുവായൂർ :സംഗീതം പഠിപ്പിക്കുന്നതിൽ ഒരു തരത്തിലുമുള്ള ജാതി വിവേചനം കാണിക്കാത്ത മഹൽ വ്യക്തി ത്വത്തിന് ഉടമയായിരുന്നു ചെമ്പൈ വൈദ്യ നാഥ ഭാഗവതർ എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന ചെമ്പൈ സംഗീതോത്സവം ഓൺലൈൻ ആയി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
യേശുദാസ് പാടിയ ഭക്തി ഗാനങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും ഉപയോഗിക്കും എന്നാൽ ചില ക്ഷേത്ര ങ്ങളിൽ കയറാൻ അദ്ദേഹത്തെ അനുവദിക്കാറില്ല . ഇത് നമ്മുടെ ഇടയിലുള്ള ചിലരുടെ ജാതി ചിന്തയാണ് കാരണം . ഗുരുവായൂർ ക്ഷേത്രത്തിൽ യേശുദാസിനെ പ്രവേശിപ്പിക്കാത്തതിനെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു മന്ത്രി . ഗുരുവായൂർ ക്ഷേത്രത്തിൽ പല കാര്യങ്ങളിലും മാറ്റം വരുന്നുണ്ട് , കാലഘട്ടത്തിനു അനുസരിച്ച് ഇനിയും ഏറെ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് മന്ത്രിയുടെ അഭാവത്തിൽ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് സമ്മാനിച്ചു . മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്കാര ജേതാവിനെ പരിചയപെടുത്തി . ഭരണ സമിതി അംഗങ്ങളായ അഡ്വ കെ. അജിത്. എ.വി.പ്രശാന്ത് , .ഇ.പി.ആർ. വേശാല , അഡ്വ.കെ.വി.മോഹനകൃഷ്ണൻ , ചെമ്പൈ സംഗീതോത്സവ സബ്കമ്മിറ്റി അംഗ ങ്ങളും സംഗീതജ്ഞരുമായ പ്രൊഫ . വൈക്കം വേണുഗോപാൽ , .തിരുവിഴ ശിവാനന്ദൻ , .എൻ.ഹരി ചെമ്പൈ സുരേഷ് , ഡോ . ഗുരുവായൂർ കെ . മണി കണ്ഠൻ . ദേവസ്വം അഡ്മിനി സ്ട്രേറ്റർ .കെ.പി. വിനയൻ എന്നിവർ സംസാരിച്ചു തുടർന്ന് പുരസ്കാര ജേതാവ് തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി അരങ്ങേറി .
അഠാള രാഗത്തിൽ ഗണപതി സ്തുതിയോടെ യാണ് നാഗസ്വര കച്ചേരി ആരംഭിച്ചത് .കാംബോജി രാഗത്തിലുള്ള ഓ രംഗ ശായി എന്ന കീർത്തനം വിസ്തരിച്ചു വായിച്ചു . അവസാനം കരുണ ചെയ്‍വാൻ എന്തു താമസം എന്ന കീർത്തനം വായിച്ചാണ് കച്ചേരി അവസാനിപ്പിച്ചത് . ഹരിപ്പാട് മുരുകദാസ് കൂടെ വായിച്ചു .ആലപ്പുഴ വിജയകുമാർ ,ചെങ്ങളം അരുൺ എന്നിവർ തകിലിൽ പക്കമേളമൊരുക്കി