മോഡലുകളുടെ അപകടമരണം; പ്രതികൾക്ക് ജാമ്യം
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
രാത്രി 8.45നാണ് വിധി വന്നത്. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയാണെന്നായിരുന്നു റോയിയും ഹോട്ടൽ ജീവനക്കാരും വാദിച്ചത്. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കം. ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷമാണ് ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടായത്.
അപകടത്തിൽ പെട്ടവർ ഹോട്ടലിൽ വെച്ച് സ്വന്തം നിലയിൽ പാർട്ടിക്ക് എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു. തൻ്റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു.
സമയപരിധി കഴിഞ്ഞും ഹോട്ടലിൽ മദ്യം വിളമ്പിയെന്ന് പൊലീസ് പറഞ്ഞു. കായലിലേക്ക് ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞ് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.
മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ഇതിനായി വാട്സാപ് ഗ്രൂപ്പുണ്ടെന്നും പ്രതികൾ വാദിച്ചു. കാറിലുണ്ടായിരുന്നവരോട് മോശമായി സംസാരിച്ചെന്നും ചേസ് ചെയ്തെന്നും പൊലീസ് പറയുന്നുണ്ട്. ഔഡി ഓടിച്ച സൈജുവിനെ ഇപ്പോഴും പ്രതിയാക്കിയിട്ടില്ല. റഹ്മാൻ അമിതമായി മദ്യപിച്ച് കാറോടിച്ചതായി പൊലീസ് തന്നെ പറയുന്നു. അപകടത്തിന് ഇതാണ് കാരണം. ഇതിലെവിടെയാണ് മറ്റ് പ്രതികൾക്ക് ബന്ധമുള്ളതെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു