
ഗുരുവായൂരിൽ പട്ടികജാതിക്കാരന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം ,പോലീസിന്റെ തണലിൽ മാഫിയ അഴിഞ്ഞാടുന്നു

ഗുരുവായൂർ : ഗുരുവായൂരിൽ പട്ടിക ജാതിക്കാരനായ മധ്യ വയസ്കൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയക്കാരന്റെ ഭീഷണി മൂലമാണെന്ന് കുടുംബം. കോട്ടപ്പടി പരിയാരത്ത് വീട്ടിൽ രമേഷ് 53 കഴിഞ്ഞ 13 നാണ് പലിശ മാഫിയയുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്തത് .5000 രൂപ യാണ് രമേശ് ഇവരിൽ നിന്നും വാങ്ങിയിരുന്നത് ഏഴായിരത്തോളം രൂപ തിരിച്ചടച്ചു വത്രെ ഇനി 15,000 രൂപ കൂടി ഉടൻ നല്കണമെന്ന് പറഞ്ഞു മാഫിയ ഭീഷണി പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു. വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും, രമേഷിന്റെ മക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്തതോടെ മാനസികമായി തകർന്ന രമേശ് ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു


അതെ സമയം മരിച്ച രമേശിന്റെ മക്കളുടെ ഫോണിലേക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ അടക്കം ഗുരുവായൂർ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് ബ്ലേഡ് മാഫിയയുടെ സംരക്ഷകരായി നിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം യോഗം കുറ്റപ്പെടുത്തി സാമ്പത്തിക പ്രയാസത്തിൽ കഴിയുന്നവർക്ക് സഹായം എത്തിക്കുകയെന്ന വ്യാജേന പണം നൽകി പിന്നീട് കൊള്ള പലിശ ചോദിച്ച് ഭീഷണിപ്പെടുത്തുന്ന ബ്ലേഡ് മാഫിയ സംഘം കോട്ടപ്പടി പ്രദേശത്ത് അഴിഞ്ഞാടുകയാണ്.
കൊള്ള പലിശ സംഘങ്ങൾക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുന്ന നിലപാടാണ് ഗുരുവായൂർ പോലീസിന്റേതെന്നും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ബ്ലേഡ് മാഫിയയുടെ നിരന്തരമായ ഭീഷണി മൂലം മാനസികമായി തകർന്നാണ് രമേശ് ആത്മഹത്യ ചെയ്തത്. കോട്ടപ്പടി പ്രദേശത്ത് തന്നെ ഒട്ടേറെ കുടുംബങ്ങൾ ഇതേ മാഫിയയുടെ ഭീഷണി മൂലം ഭയന്നിരിക്കുന്ന സാഹചര്യം അറിഞ്ഞിട്ടും പൊതുജന സംരക്ഷകരാവേണ്ട ഗുരുവായൂർ പോലീസ് മൗനത്തിലാണ്.
ഒരു പട്ടികജാതി കുടുംബത്തിനുണ്ടായ ഈ അനുഭവം ആവർത്തിക്കാതിരിക്കാനും, അവർക്ക് നീതിലഭിക്കാനും ആളെ കൊല്ലുന്ന ഇത്തരം ബ്ലേഡ് മാഫിയ സംഘങ്ങൾക്കെതിരെയും, അവരെ സഹായിക്കുന്ന ഗുരുവായൂർ പോലീസിനെതിരെയും നിയമപരമായും, രാഷ്ട്രീയമായും നടപടികളുമായി യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി മുന്നോട്ട് പോവുമെന്നും യോഗം അറിയിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ പ്രതിഷേധ യോഗത്തിന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എച്ച് ഷാനിർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ബി സുബീഷ്, വിനീത് വിജയൻ, റംഷാദ് ഇ.കെ, സുമൽ കെ.എസ് എന്നിവർ സംസാരിച്ചു.