ടു ജി സ്പെക്ട്രം, ‘വിനോദ് റായ് മാപ്പ് പറയേണ്ടത് രാജ്യത്തോട്, : സഞ്ജയ് നിരുപം
മുംബൈ: ടു ജി സ്പെക്ട്രം അഴിമതി ആരോപണം ഉയർത്തിയ സിഎജി റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും ‘വിനോദ് റായ് മാപ്പ് പറയേണ്ടത് രാജ്യത്തോടാണെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം അഭിപ്രായപ്പെട്ടു രണ്ടാം യുപിഎ സർക്കാരിനെ അടിമുടി തകർത്തെറിഞ്ഞ അഴിമതിക്കേസായിരുന്നു 2 ജി സ്പെക്ട്രം. കോടികൾ വെട്ടിച്ചെന്ന ആരോപണത്തിൽ അന്ന് ഏറ്റവും വലിയ വഴിത്തിരിവായതും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതും അന്നത്തെ സിഎജി വിനോദ് റായി നൽകിയ റിപ്പോർട്ടായിരുന്നു.
പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ പേര് അഴിമതി കേസുമായി ബന്ധപ്പെട്ട് പറയാതിരിക്കാൻ കോൺഗ്രസ് എംപി സഞ്ജയ് നിരുപം അടക്കമുള്ള എംപിമാർ സമ്മർദ്ദപ്പെടുത്തിയെന്ന വിനോദ് റായിയുടെ വെളിപ്പെടുത്തലും പിന്നീട് വലിയ കോളിളക്കം സൃഷ്ടിച്ചു. എന്നാൽ താൻ പറഞ്ഞത് കള്ളമായിരുന്നുവെന്ന് വിനോദ് റായ് ഇപ്പോൾ സമ്മതിച്ചു. 2 ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം നൽകിയ മാനനഷ്ടക്കേസിൽ ഡല്‍ഹി കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും നിരുപാധികം മാപ്പ് പറയുന്നുവെന്നും വിനോദ് റായ് വ്യക്തമാക്കിയത്.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിനോദ് റായിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തന്നോട് മാത്രമല്ല രാജ്യത്തോടും വിനോദ് റായ് മാപ്പ് പറയണമെന്ന് കോൺഗ്രസ് എംപി സഞ്ജയ് നിരുപം പ്രതികരിച്ചു.” 2 ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ട് കെട്ടിച്ചമച്ചതാണ്. അന്നത്തെ റിപ്പോർട്ടിനെ തുടർന്നുണ്ടായ വ്യാജപ്രചാരണം തന്‍റെയും കോൺഗ്രസിന്‍റെയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. ബിജെപിയെ അധികാരത്തിലെത്തിക്കാനും സിഎജി റിപ്പോർട്ടാണ് തുണയായത്”. കമ്പനികൾക്ക് കുറഞ്ഞ നിരക്കിൽ സ്പെക്ട്രം ലഭിച്ചാൽ ഗുണം ജനങ്ങൾക്കാണെന്നും കുറഞ്ഞ നിരക്കിൽ ടെലികോം സേവനങ്ങൾ ലഭിക്കുമെന്നും സഞ്ജയ് അവകാശപ്പെട്ടു.
അതിനിടെ രണ്ടാം യുപിഎ സർക്കാരിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായിത്തീർന്ന 2 ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെയും കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. വിനോദ് റായിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഡിഎംകെയുടെ നീക്കം. സ്പെക്ട്രം അഴിമതി കേസിൽ ഡിഎംകെ നേതാക്കളായ എ രാജയും കനിമൊഴിയും പ്രതികളാണ്. മാനനഷ്ട കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായങ്ങൾക്കിടെ വിഷയം ചർച്ച ചെയ്യാൻ എം കെ സ്റ്റാലിൽ നാളെ ഡിഎംകെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.