Madhavam header
Above Pot

ലഖിംപുർ‌ കൂട്ടക്കൊല , കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ

ദില്ലി: ലഖിംപുർ‌ കേസിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവർത്തിച്ചത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ​ഗൂഢാലോചനയടക്കം എട്ട് ​ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്. ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. താൻ ​ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു.

Astrologer

അതേസമയം, ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ​ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപൂർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും.
പ്രതിപക്ഷ സമ്മർദ്ദത്തിൻറെയും കോടതി ഇടപെടലിൻറെയും ഫലമായാണ് ആശിഷ് മിശ്ര ഒടുവിൽ കീഴടങ്ങിയത്. തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടിൽ ബിജെപി ഉറച്ചു നില്ക്കുകയാണ്. എന്തുകൊണ്ട് അഖിലേഷ് യാദവ് മരിച്ച ബ്രാഹ്മണ സമുദായ അംഗങളുടെ വീട്ടിൽ പോയില്ലെന്ന യോഗി ആദിത്യനാഥിൻറെ ചോദ്യം ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കത്തിൻറെ സൂചനയായി.

സംഭവത്തിൽ യുപി സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് സിബിഐക്കു വിട്ട് പ്രതിഷേധം തണുപ്പിക്കാൻ യുപി സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇരുപതിന് കേസ് പരിഗണിക്കാനായി മാറ്റിയതിനാൽ ഈ നീക്കം ഉപേക്ഷിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഒടുവിൽ ഇടപെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ആവശ്യപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ കണ്ടു. മന്ത്രിയുടെ മകനെ രക്ഷിക്കാൻ നടത്തിയ നീക്കം പാളിയത് യുപിസർക്കാരിനും പൊലീസിനും ദേശീയ തലത്തിൽ തന്നെ വൻ തിരിച്ചടിയാവുകയാണ്

Vadasheri Footer