സ്ഥാപനങ്ങൾക്ക് കയറ്റിറക്ക് ജോലികൾക്കായി സ്വന്തം ചുമട്ടുതൊഴിലാളികളെ നിയോഗിക്കാം : ഹൈക്കോടതി
“കൊച്ചി: സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് കയറ്റിറക്ക് ജോലികൾക്കായി സ്വന്തം ചുമട്ടുതൊഴിലാളികളെ നിയോഗിക്കാമെന്ന് ഹൈക്കോടതി. സ്ഥാപനയുടമയുടെയും തൊഴിലാളിയുടെയും അപേക്ഷ ലഭിച്ചാൽ ഹെഡ്ലോഡ് വർക്കേഴ്സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി അവർക്ക് രജിസ്ട്രേഷൻ നൽകണം.കയറ്റിറക്ക് ജോലിയിൽ മുൻപരിചയം നിർബന്ധമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
അപേക്ഷകർക്ക് ചുമട്ടുതൊഴിൽ ചെയ്യാൻ ശേഷിയുണ്ടോയെന്നും ഇവരെ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമ തയാറാണോ എന്നും മാത്രമേ ലേബർ ഓഫിസർ പരിശോധിക്കേണ്ടതുള്ളൂ. മുമ്പ് ചുമട്ടുതൊഴിൽ ചെയ്തിട്ടുണ്ടോ, സ്ഥാപനത്തിെൻറ പരിധിയിൽ മറ്റ് രജിസ്േറ്റർഡ് ചുമട്ടുതൊഴിലാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിക്കേണ്ടതില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. രജിസ്ട്രേഷൻ കിട്ടാൻ തൊഴിലാളികൾ നൽകിയ അപേക്ഷ തള്ളിയതിനെതിരെ കൊല്ലം കെ.ഇ.കെ കാഷ്യൂ സ്ഥാപനയുടമ ഇ. മൻസൂറും മൂന്നു തൊഴിലാളികളും നൽകിയ ഹരജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.
ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിട്ടില്ലെന്നും സ്ഥാപനത്തിൽ പാക്കിങ് ജോലിയാണ് ചെയ്തിരുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അസി. ലേബർ ഓഫിസർ അപേക്ഷ നിരസിച്ചത്. ഇതിനെതിരെ തൊഴിലാളികൾ ജില്ല ലേബർ ഒാഫിസർക്ക് നൽകിയ അപ്പീലും തള്ളി. അപേക്ഷ നിരസിക്കാൻ അസി. ലേബർ ഒാഫിസർ നിരത്തിയ കാരണങ്ങൾ യുക്തിരഹിതവും ബാലിശവുമാണെന്ന് കോടതി നിരീക്ഷിച്ചു. അസി. ലേബർ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ കോടതി, 30 ദിവസത്തിനകം അവർക്ക് സ്ഥാപനത്തിലെ ചുമട്ടുതൊഴിലാളികളായി രജിസ്ട്രേഷൻ അനുവദിച്ച് കാർഡ് നൽകാൻ നിർദേശിച്ചു