പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം, സര്‍ക്കാറിന് പൂര്‍ണ സ്വാതന്ത്ര്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ സൂക്ഷ്മത ഉറപ്പുവരുത്താന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പോക്സോ അടക്കം പ്രധാനപ്പെട്ട പല കേസിലും വിചാരണക്കോടതികളില്‍ പ്രോസിക്യൂഷെന്റ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടാകുന്ന സാഹചര്യത്തിലാണ് ഡിവിഷന് ബെഞ്ചിെന്റ നടപടി.
പ്രോസിക്യൂഷന് പരാജയം ആവര്‍ത്തിക്കുന്നത് കണക്കിലെടുത്ത് വിഷയം സ്വമേധയാ ഹരജിയായി പരിഗണിക്കാന്‍ തീരുമാനിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റിസ് സിയാദ് റഹ്മാന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര സെക്രട്ടറി, സാമൂഹികനീതി സെക്രട്ടറി, ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍, ഹൈകോടതിയിലെ ജില്ല ജുഡീഷ്യറി രജിസ്ട്രാര്‍ എന്നിവരെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പരിഗണിച്ച ചില ക്രിമിനല്‍ കേസുകളിലെ അപ്പീല്‍ ഹരജികളാണ് വിഷയം ഗൗരവത്തോടെ എടുക്കാന്‍ കോടതിക്ക് േപ്രരണയായത്. പെരുമ്ബാവൂരില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ക്കെതിരെ മതിയായ തെളിവ് നല്കാന് പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കി ഇവരെ വെറുതെ വിടേണ്ടിവന്നു. കാര്‍ കണ്ടെടുത്തെങ്കിലും കളവുപോയ കാറാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് പോക്സോ നിയമപ്രകാരമുള്ള കുറ്റം റദ്ദാക്കേണ്ടിവന്നു. എങ്കിലും ബലാത്സംഗക്കുറ്റത്തിന് തെളിവുള്ളതിനാല്‍ ജീവപര്യന്തം വിധിച്ചു. ഇരുകേസും പരാമര്‍ശിച്ചാണ് പ്രോസിക്യൂഷന് വീഴ്ചയില്‍ ഡിവിഷന് ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം സര്‍ക്കാറിെന്റ അധികാരമാണെങ്കിലും സര്‍ക്കാറിന് ഇക്കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടി ചട്ടപ്രകാരം സെഷന്‍സ് ജഡ്ജിയുമായി കൂടിയാലോചിച്ച് കലക്ടര്‍മാര്‍ നല്കുന്ന പാനലില്‍നിന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത്. അതേസമയം, നിയമനത്തില്‍ രാഷ്ട്രീയ ബന്ധം കലരുന്നതിനാല്‍ കലക്ടര്‍മാര്‍ക്ക് പലപ്പോഴും മികച്ച പാനല്‍ തയാറാക്കാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷെന്റ വീഴ്ചകള്‍ സര്‍ക്കാറിെന്റ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.