മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം റോയ് അന്തരിച്ചു. .
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം റോയ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇംഗ്ലീഷ് മലയാളം ഭാഷകളിലെ പത്രപ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു
കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി രണ്ടുതവണ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഒട്ടനവധി പുരസ്കാരങ്ങളും അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മാധ്യമ പ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന തല നേതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭാ ശാലിയായിരുന്ന കെ.എം റോയി ദീർഘ കാലം കോട്ടയം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരളത്തിലുടനീളമുള്ള മാധ്യമ പ്രവർത്തകർക്ക് ഗുരു തുല്യനാണ് കെ എം റോയി എന്ന റോയി സാർ.
കേരള പ്രകാശത്തിലൂടെ മാധ്യമ രംഗത്ത് അരങ്ങേറ്റം കുറിച്ചു. അതിൽ വന്ന ലേഖനങ്ങൾ കൊണ്ടു തന്നെ അതിവേഗം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും വാർത്താഏജൻസിയായ യുഎൻഐയിലും റിപ്പോർട്ടറായി. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട സജീവ പത്രപ്രവർത്തനത്തിൽനിന്നു വിരമിച്ചത്.
മികച്ച പ്രഭാഷകനായി പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉൾപ്പടെയുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവർത്തകർക്കു വഴികാട്ടിയുമായി. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.
മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പത്രപ്രവർത്തന ജീവിതം
എറണാകുളം മഹാരാജാസ് കോളേജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു.എൻ.ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു.
മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ആയി മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതി വരികയായിരുന്നു അദ്ദേഹം. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
കേരള പത്രപ്രവർത്തക യൂനിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ സെക്രട്ടറി ജനറലായിട്ടുണ്ട് – 1984-1988.
പുസ്തകങ്ങൾ
ഇരുളും വെളിച്ചവും.
കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാൻ.
അവാർഡുകൾ
പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്.
അമേരിക്കൻ ഫൊക്കാന അവാർഡ്
സഹോദരൻ അയ്യപ്പൻ പുരസ്കാരം
പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം
മുട്ടത്തുവർക്കി അവാർഡ് – ബാബ്റി മസ്ജിദ് തകർക്കലുമായി ബദ്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാർഡ്.
ശിവറാം അവാർഡ്.
ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ്.