എയ്ഡഡ് സ്കൂൾ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്പാർക്ക് നയങ്ങൾ തിരുത്തുക
തൃശൂർ : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സേവന വേതന കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ് വെയറിൽ ഇപ്പോൾ നടത്തുന്ന പരിഷ്കാരങ്ങളിൽ എയിഡഡ് മേഖല അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി.
ഹെഡ്മാസ്റ്റർ മാരുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന നയങ്ങൾ തിരുത്തുക, ജില്ലാ ട്രെഷറികളിൽ പ്രവർത്തിച്ചിരുന്ന സ്പാർക് ഹെൽപ് ഡസ്ക് പുനസ്ഥാപിക്കുക, എയ്ഡ്ഡ് അനദ്ധ്യാപകർക്കു പരിശീലനം നൽകുക ഏന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി തിരുവനന്തപുരം സ്പാർക് ഓഫീസിന് മുൻപിലും സംസ്ഥാനത്തെ 23 ജില്ലാ ട്രെഷറികൾക്ക് മുന്നിലും ധർണ നടത്തിയത്.
പ്രതിഷേധ ധർണ്ണയുടെ സംസ്ഥാന തല ഉദ്ഘടനം തൃശൂർ ജില്ലാ ട്രഷറിക്ക് മുന്നിൽ സംസ്ഥാന പ്രസിഡന്റ് എൻ വി മധു നിർവഹിച്ചു. തൃശൂർ റവന്യൂ ജില്ലാ പ്രസിഡന്റ് സി പി ആന്റണി അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ സെക്രട്ടറി കെ ആർ സതീശൻ ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന ഐ ടി സെൽ ജോയിന്റ് കൺവീനർ ഇമ്മനുവേൽ വിൻസെന്റ് ,ചാവക്കാട് ജില്ലാ സെക്രട്ടറി എം ദീപുകുമാർ, വൈസ് പ്രസിഡന്റ് പി പ്രശാന്ത്, ജോയിന്റ് സെക്രട്ടറി സി സി പെറ്റർ, കെ ആർ മണികണ്ഠൻ, വനിതാ ഫോറം കൺവീനർ മിനി, സുരേന്ദ്രൻ പി, സുജിത്ത് കുമാർ, കെ പോൾ ജോബ് എന്നിവർ സംസാരിച്ചു.
ചാവക്കാട് ജില്ലാ പ്രസിഡന്റ് പി രാജൻ സ്വാഗതവും, തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും പറഞ്ഞു. ധർണക്ക് സുജിത്ത് കെ എസ്, ജോബി, ജോഷി, സന്ദീപ്, ലിയോ, പ്രിൻസ്, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ജില്ലാ ട്രഷറി ഓഫീസർക്ക് നിവേദനം നൽകി