ഗുരുവായൂരിൽ മന്ത്രിയെ കാത്ത് കംഫർട്ട് സ്റ്റേഷൻ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരക്കം പാഞ്ഞു ഭക്തർ
ഗുരുവായൂർ : ദേവസ്വം മന്ത്രിയെ കാത്ത് നിർമാണം പൂർത്തീകരിച്ച കംഫർട്ട് സ്റ്റേഷൻ , പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരക്കം പാഞ്ഞു ഭക്തർ . കിഴക്കേ നടയിൽ ലക്ഷങ്ങൾ ദേവസ്വം ചിലവഴിച്ചു നവീകരിച്ച ആധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ ദേവസ്വം മന്ത്രിയെ കൊണ്ട് ഉൽഘാടനം ചെയ്യിക്കാനാണ് ദേവസ്വം കാത്തിരിക്കുന്നത് .ആഗസ്റ്റ് 30 ന് അഷ്ടമി രോഹിണി ദിനത്തിൽ ദേവസ്വത്തിന്റെ ക്ഷേത്ര കലാ പുരസ്‌കാരം മണലൂർ ഗോപി നാഥിന് സമ്മാനിക്കാൻ മന്ത്രി രാധാകൃഷ്ണൻ എത്തുമ്പോൾ കംഫർട്ട് സ്റ്റേഷൻ ഉൽഘാടനം ചെയ്യിക്കാനാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം .
കോവിഡിന്റെ ലോക് ഡൗൺ സമയത്ത് ഇതിന്റെ നിർമാണം നടന്നത് . അത് കൊണ്ട് കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തത് ഭക്തരെ ബാധിച്ചിരുന്നില്ല ബദൽ സംവിധാനമായി സത്രം വളപ്പിൽ ആറു ഇ ടോയ്‌ലെറ്റുകൾ നിർമിക്കുകയും , പൂന്താനം ഓഡിറ്റോറിയത്തിലെ ടോയ്‍ലെറ്റുകൾ ഭക്തർക്ക് തുറന്നു കൊടുക്കുകയും ചെയ്തിരുന്നു . എന്നാൽ ലോക് ഡൗണിൽ ഇളവ് അനുവദിക്കുകയും അയ്യായിരം പേർക്ക് ദർശന സൗകര്യം ഒരുക്കുകയും, വിവാഹങ്ങൾക്ക് ഉള്ള നിയന്ത്രണങ്ങൾ എടുത്തു കളയുകയും ചെയ്തതോടെ ഗുരുവായൂരിലെ ഭക്ത ജന തിരക്ക് പഴയ അവസ്ഥയിലേക്ക് എത്തി തുടങ്ങി .
ഈ വരുന്ന ആളുകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഉണ്ടോ എന്ന് പോലും നോക്കാതെയാണ് ദേവസ്വം തീരുമാനം എടുക്കുന്നത് . വരുന്ന ആയിരങ്ങൾക്ക് ഉപയോഗിക്കാൻ ആകെ ഉള്ളത് ആറു ഇ ടോയ്‍ലെറ്റുകൾ മാത്രമാണ് . നേരത്തെ തുറന്നു കൊടുത്ത പൂന്താനം ഓഡിറ്റോറിയത്തിലെ ടോയ്‍ലെറ്റുകൾ ഭക്തർക്ക് ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്റെ ആയിരത്തോളം പേർ പങ്കെടുക്കുന്ന വിവാഹം അടുത്ത മാസം 9 ന് ഇവിടെ വെച്ച് നടക്കുന്നതിനാൽ തിരക്കിട്ട നവീകരണ ജോലികളാണ് പൂന്താനം ആഡിറ്റോറിയായതിൽ നടക്കുന്നത് .
കംഫർട്ട് സ്റ്റേഷൻ ഭക്തർക്ക് തുറന്ന് കൊടുത്ത് , മന്ത്രി എത്തുന്ന സമയത്ത് ഔപചാരിക ഉൽഘാടനം മന്ത്രിയെ കൊണ്ട് നടത്തിയാൽ പോരെ എന്നാണ് ഭക്തർ ചോദിക്കുന്നത് . അത്യാധുനിക രീതിയിൽ നിർമിച്ച കംഫർട്ട് സ്റ്റേഷൻ സൗജന്യമായി ഭക്തർക്ക് ഉപയോഗിക്കാം എന്ന ഭരണ സമിതിയുടെ തീരുമാനം ശ്ലാഘനീയമാണ് . ഈ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം ഭക്തർക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗകര്യവും ഇത് തന്നെയാണ്.
തെക്കേ ക്ഷേത്ര കുളത്തിനു സമീപവും വടക്കേ ക്ഷേത്ര കുളത്തിനു സമീപവും ഇ ടോയ്‌ലെറ്റ് നിർമിക്കാൻ നേരത്തെ ദേവസ്വം തീരുമാനം എടുത്തെങ്കിലും ചില വ്യാപാരികളുടെയും ബി ജെ പി യുടെ വാർഡ് കൗണ്സിലറുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പിന് തിരിയുകയായിരുന്നു . തെക്കേ ക്ഷേത്ര കുളത്തിന് സമീപം വർഷങ്ങൾ മുൻപ് സാധാരണ ടോയ്‌ലെറ്റ് ഉണ്ടായിരുന്നു എന്ന കാര്യം പ്രതിഷേധക്കാർ സൗകര്യ പൂർവം മറ ന്നായിരുന്നു പ്രതിഷേധം . ഭരണ സമിതി തീരുമാനിച്ച രണ്ടു സ്ഥലത്തും ഇ ടോയ്‍ലെറ്റുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല