കൊവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ
ദില്ലി: കൊവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. കൊവാക്സിനും, കൊവിഷീൽഡും കൂട്ടി കലർത്താം. മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. അതേസമയം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അധർ പുനെവാല അറിയിച്ചു. കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും അധർ പുനെവാല പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 4,27,862 പേർ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 13 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്