“കള്ളക്കടത്ത് സാധനമല്ല”, മദ്യം വില്‍ക്കാനും മാന്യമായ സൗകര്യമൊരുക്കണം : ഹൈക്കോടതി
കൊച്ചി: മറ്റ് ഉല്‍പന്നങ്ങളെപോലെ മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈകോടതി. പല മദ്യഷോപ്പുകളുെടയും സമീപത്തുകൂടി സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. സമീപവാസികളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. മദ്യ വിൽപനയിൽ ബെവ്‌കോയുടെ കുത്തക നിലനിൽക്കുന്നതിനാലാണ് മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ എപ്പോഴും നീണ്ട നിര അനുഭവപ്പെടുന്നത്.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിൽപന നടത്താൻ കള്ളക്കടത്ത് സാധനമല്ല വില്‍ക്കുന്നതെന്ന് അധികൃതർ മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ നിരീക്ഷിച്ചു. ബെവ്‌കോയുടെ മദ്യവില്‍പന ഷോപ്പുകളില്‍ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന നാലുവര്‍ഷം മുമ്പുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.അടിസ്ഥാനസൗകര്യമില്ലാത്ത 96 ഷോപ് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചതായും കോടതിയലക്ഷ്യഹരജിക്ക് കാരണമായ തൃശൂര്‍ കുറുപ്പം റോഡിലെ ഷോപ് അടച്ചതായും സർക്കാർ അറിയിച്ചു.
തിരക്ക് കുറക്കാൻ ബാറുകളടക്കം രാവിലെ ഒമ്പതിന് തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 306 മദ്യഷോപ് മാത്രമുള്ളതാണ് തിരക്കിന് കാരണം. മദ്യഷോപ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമീഷണര്‍ ശിപാര്‍ശ നൽകിയിട്ടുണ്ട്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 47 ഷോപ്പില്‍ സെല്‍ഫ് സർവിസ് തുടങ്ങാൻ സൗകര്യമുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മറ്റ് ഷോപ്പുകളിലെ സൗകര്യങ്ങള്‍ അറിയിക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും ആഗസ്റ്റ് 12ന് പരിഗണിക്കാൻ മാറ്റി