ഗുരുവായൂരപ്പന്റെ 27.5 ലക്ഷം തട്ടിയ സംഭവം ,ഒരു താൽക്കാലിക ജീവനക്കാരനും സംശയ നിഴലിൽ
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ 27 .5 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ വിരമിച്ച ഒരു ഉദ്യോഗസ്ഥ അടക്കം എട്ട് ജീവക്കാരിൽ നിന്ന് വിശദീകരണം ചോദിച്ചു ദേവസ്വം മെമ്മോ നൽകി . അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ സി രാജേന്ദ്രൻ ,മാനേജർ മാരായ വി മനോജ് കുമാർ ,കെ ഗീത , എ കെ രാധാകൃഷ്ണൻ അസിസ്റ്റന്റ് മാനേജർമാരായ കെ എം വിനോദ് , കെ ജി സുരേഷ് കുമാർ, റിട്ടയേർഡ് അസിസ്റ്റന്റ് മാനേജർ കെ ശ്രീലത ,ക്ലർക്ക് അർജുൻ പ്രദീപ് എന്നിവർക്കെതിരെയാണ് ദേവസ്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത് .
നോട്ടീസ് കൈപറ്റി 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് അല്ലാത്തപക്ഷം ശിക്ഷ നടപടികൾ എടുക്കുമെന്നാണ് ദേവസ്വം നൽകിയ നോട്ടീസിൽ പറയുന്നത് . അതെ സമയം തട്ടിപ്പിൽ ക്ഷേത്രത്തിൽ ജോലി നോക്കിയിരുന്ന ഒരു താൽക്കാലിക ജീവനക്കാരനെയും ഒരു വിഭാഗം ജീവനക്കാർ സംശയിക്കുന്നു .അറസ്റ്റിലായ ബാങ്ക് ജീവനക്കാരൻ നന്ദകുമാറുമായി വളരെ അടുപ്പമുള്ള ഈ താൽക്കാലികക്കാരൻ അടുത്ത കാലത്തായി ഗുരുവായൂരിൽ ഫ്ലാറ്റ് അടക്കം സ്വത്തുവകകൾ വാങ്ങിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം .
ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് മാറ്റിയാൽ ഏതെങ്കിലും ഭരണ സമിതി അംഗത്തെ സ്വാധീനിച്ചു വീണ്ടും അതെ തസ്തികയിൽ തന്നെ തിരിച്ചെത്തുമായിരുന്നുവത്രെ. ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വ്യക്തി ഇട്ട പോസ്റ്റ് പിൻ വലിക്കാൻ ആവശ്യപ്പെട്ട് ഒരു മുൻ മന്ത്രിയുടെ ഡ്രൈവർ വിളിച്ച വിവരവും പുറത്തു വരുന്നുണ്ട്