വിസ്മയയുടെ മരണം , ഭർത്താവ് കിരൺ കുമാറിനെ സസ്‌പെൻഡ് ചെയ്തു

കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് ഇയാൾ. പ്രതിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

സംസ്ഥാനത്തെമ്പാടും ചർച്ച ചെയ്യപ്പെട്ട സംഭവമാണ് വിസ്മയയുടെ മരണം. സംഭവം പുറത്തായപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് റിപ്പോർട്ട് മന്ത്രി തേടിയിരുന്നു. ഇന്നാണ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരൺ കുമാറിനെ സസ്പെന്റ് ചെയ്തത്. കേസിലെ കണ്ടെത്തൽ അനുസരിച്ച് കിരൺ കുമാറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും.

സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. വിസ്മയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതിയാക്കും. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികൾ ഇനിയും തുടങ്ങുമെന്നും ഡിജിപി അറിയിച്ചു.

സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം നിര്‍വ്വഹിക്കും. ഐജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.