മാധ്യമ പ്രവർത്തകന് നേരെയും പോലീസ് വേട്ട ,സത്യവാങ്മൂലം ഇല്ലാത്തതിന് പിഴ
ഗുരുവായൂർ : മാധ്യമ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ സത്യവാങ്മൂലം ഇല്ലാത്തതിൻ്റെ പേരിൽ മാധ്യമപ്രവർത്തകനിൽ നിന്നും പിഴ ഈടാക്കി പോലീസ് .തമ്പുരാൻപടിയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സത്യവാങ്മൂലം കരുതിയില്ല എന്നപേരിൽ കുന്നംകുളം സിസിടിവി സീനിയർ സബ് എഡിറ്ററുംഗുരുവായൂർ ജനയുഗം ലേഖകനുമായ മനീഷ് വി ഡേവിഡിൽ നിന്നാണ് അഫിഡവിറ്റ് ഇല്ല എന്ന കാരണത്താൽ പിഴ ഈടാക്കിയത് .
മാധ്യമപ്രവർത്തകർക്ക് യാത്രയ്ക്ക് അഫിഡവിറ്റ് വേണ്ട എന്ന് സർക്കുലർ ഉണ്ടല്ലോ എന്ന കാര്യം ചോദിച്ച ഇദ്ദേഹത്തെ പരിഹസിക്കുന്ന പെരുമാറ്റമാണ് എസ്. ഐ യുടെ ഭാഗത്തു നിന്നുമുണ്ടായത്. അക്കാര്യങ്ങൾ ഒന്നും പറയണ്ട എന്നും അഫിഡവിറ്റ് ഇല്ലെങ്കിൽ പിഴ അടക്കേണ്ടി വരും എന്നും പറഞ്ഞിട്ടാണ്കണ്ടാണശ്ശേരി സ്റ്റേഷനിലെ എസ് ഐ ബാലകൃഷ്ണൻ ചാർജ്ജ് ഷീറ്റ് എഴുതി നൽകിയത് .
സംഭവത്തിൽ ഗുരുവായൂർ സി.ഐ , എ സി പി , കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ലോക് ഡൗണിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെ സത്യവാങ്ങ് മൂലം എന്നതിന്റെ പേരിൽ കൊള്ളയടിക്കുന്നു എന്ന വ്യാപക ആക്ഷേപം ആണ് ഉള്ളത് . ജോലിയും വരുമാനവും ഇല്ലാത്ത സമയത്താണ് മഹാമാരിയുടെ പേര് പറഞ്ഞു പോലീസ് ദ്രോഹിക്കുന്നത് . ഈ ഇനത്തിൽ 35 കോടി രൂപയാണ് ഒരു വര്ഷം കൊണ്ട് സംസ്ഥാനത്ത് പോലീസ് പിഴയായി സർക്കാർ ഖജനാവിലേക്ക് നേടി കൊടുത്തത്.