മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിന്?; ഹൈക്കോടതി
കൊച്ചി : മദ്രസ അദ്ധ്യാപകര്‍ക്ക് പെന്‍ഷനും ആനൂകൂല്യങ്ങളും നല്‍കുന്നത് എന്തിനെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് ചോദ്യമുന്നയിച്ചത്. കേരള മദ്രസ അദ്ധ്യാപക ക്ഷേമ നിധിയിലേക്ക് പണം നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, കൗസര്‍ എഡപ്പഗത്ത് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കേരളത്തിലെ മദ്രസകളില്‍ മതപഠനം മാത്രമാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച ഇരുവരും മതകാര്യങ്ങള്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ പണം ചിലവാക്കുന്നതെന്നും ചോദിച്ചു. ഉത്തര്‍പ്രദേശിലെയും, ബംഗാളിലെയും മദ്രസകള്‍ പോലെയല്ല കേരളത്തിലേത്, ഇവിടെ മതം മാത്രമാണ് പഠിപ്പിക്കുന്നതെന്നു വ്യക്തമാക്കിയായിരുന്നു പരാതി.
അദ്ധ്യാപക ക്ഷേമ നിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാളിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്തെ മദ്രസകളില്‍ ഖുറാനും മറ്റ് മത ഗ്രന്ഥങ്ങളും മാത്രമാണ് പാഠ്യവിഷയമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ പണം ചിലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ഇതില്‍ ആണ് കോടതി സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.