ലോക്ഡൗൺ:ആവശ്യസർവീസുകൾ മാത്രം , ആരാധനാലയങ്ങളിൽ പ്രവേശനമില്ല.
തിരുവനന്തപുരം: അവശ്യസർവിസുകൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ കോവിഡ് ലോക്ഡൗൺ മാർഗ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെയാണ് സമ്പൂർണ ലോക്ഡൗൺ.കേന്ദ്ര, സംസ്ഥാന സർക്കാറിനു കീഴിലുള്ള അവശ്യസർവിസുകൾ മാത്രമേ പ്രവൃത്തിക്കുകയുള്ളൂ. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്.
അന്തർജില്ല സർവിസുകൾ അനുവദിക്കില്ല. ബാങ്കുകൾ, പെട്രോൾ പമ്പ്, കൊറിയർ, തപാൽ, ആരോഗ്യമേഖല, പലചരക്ക് – മത്സ്യ -മാംസ- പാൽ കടകൾ, മാധ്യമങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവൃത്തിക്കാം. കേബിൾ, ഡി.ടി.എച്ച് സേവനം അനുവദിക്കും.ചരക്ക് നീക്കം അനുവദിക്കുമെങ്കിലും പൊതുഗതാഗതം നിർത്തിവെക്കും. എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടച്ചിടും.
സാമൂഹിക / രാഷ്ട്രീയ / കായിക / വിനോദ / അക്കാദമിക / സാംസ്കാരിക / മത കൂടിച്ചേരലുകൾ നിരോധിക്കും.ശവസംസ്കാരത്തിന് 20 പേരിൽ കൂടരുത്. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങളിൽ 20 പേരെ അനുവദിക്കും. കർശനമായ സാമൂഹിക അകലം പാലിക്കണം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വിശദാംശങ്ങൾ covid19 jagratha പോർട്ടലിൽ രജിസ്റ്റർ ചെയ്യണം