വാളയാറിലെ കുട്ടികളുടെ കൊലപാതകം , ഹരീഷിന് നിയമത്തിന്റെ ബാലപാഠം അറിയില്ല അഡ്വ:എ. ജയശങ്കർ
കൊച്ചി: പാലക്കാട്ടെ വാളയാറിൽ ദരിദ്രരായ ദലിത് കുടുംബത്തിലെ പെൺകുട്ടികളെ കൊലചെയ്ത സംഭവത്തിൽ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പ് അസംബന്ധമാണെന്ന് അഡ്വ. എ. ജയശങ്കർ. നിയമത്തിന്‍റെ ബാലപാഠമറിയാത്ത അഭിഭാഷകനാണ് ഹരീഷ്. ഇത് വെറും നമ്പൂതിരി വിഢിത്വമല്ല. തുടർ ഭരണമുണ്ടാകുമെന്ന് ധരിച്ച് പല ബുദ്ധിജീവികളും സർക്കാർ ദാസന്മാരായി. അക്കൂട്ടരോടൊപ്പമാണ് ഹരീഷ്.
വാളയാർ പെൺകുട്ടികളെ കൊലചെയ്തുവെന്ന കാര്യത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഒഴികെ ആർക്കും സംശയമില്ല. ഇത്രയധികം നീതി നിഷേധം ഈ നാട്ടിലുണ്ടായെന്ന് വിളിച്ച് പറയാനാണ് ഇരകളായ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർഥിയായത്. ഇക്കാര്യത്തിൽ ധാർമികമായ രോഷം ജനങ്ങളിൽനിന്ന് ഉണ്ടാകണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പിന്‍റെ തലേദിവസം നിയമപണ്ഡിതനായ ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്കിൽ ആരോപിച്ചത് പെൺകുട്ടികൾ ആത്മഹത്യ െചയ്തുവെന്നാണ്. കുറ്റവാളിയാകട്ടെ പെൺകുട്ടികളുടെ അമ്മയാണ്. മരിച്ചുപോയ പെൺകുട്ടികളോട് എന്തെങ്കിലും കനിവ് ഉണ്ടായിരുന്നെങ്കിൽ ജീവിച്ചിരിക്കുന്ന ഈ അമ്മക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല. അതിന് വിചിത്രമായ വിതണ്ഡവാദങ്ങളാണ് ഹരീഷ് ഉന്നയിച്ചത്.
ആ വിശ്വോത്തര കുറിപ്പ് സഖാക്കളെല്ലാം ഷെയർ ചെയ്തു. അമ്മയുടെ അറിവോടും ഒത്താശയോടുമാണ് ലൈംഗിക ചൂഷണം നടന്നതെന്ന് ഖണ്ഡിതമായി ഹരീഷ് സ്ഥാപിച്ചു. അമ്മയെ ആദ്യം കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അതിനുശേഷം തെളിവുകൾ നിരത്തുകയാണ ഹരീഷ് ചെയ്തത്.
കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജൻ വളരെ മാന്യനാണ്. അദ്ദേഹം അന്വേഷിച്ച് കണ്ടത്തിയ കേസുകളുടെ പട്ടികയും നൽകി. സോജൻ കുന്നംകുളത്ത് ഒരാളെ തല്ലിക്കൊന്നപ്പോൾ അദ്ദേഹത്തിനെതിരെ പോസ്റ്റിട്ടത് ഹരീഷാണ്. കേസ് അന്വേഷണത്തിലെ തകരാറുകൾ അന്വേഷിക്കാനാണ് സർക്കാർ റിട്ട. ജില്ല ജഡ്ജി പി.കെ. ഹനീഫയെ നിയോഗിച്ചത്. അദ്ദേഹമാകട്ടെ ഇടതുപക്ഷ അനുഭാവിയാണ്.
ടൈറ്റാനിയം കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകിയതിന് പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തെ ന്യൂനപക്ഷ കമീഷന്‍റെ ചെയർമാനാക്കിയത്. കണ്ണിൽ പൊടിയിടുന്ന റിപ്പോർട്ടാണ് ഹനീഫ നൽകിയത്. അതിൽ സോജനെ കുറ്റവിമുക്തനാക്കിയെന്നാണ് ഹരീഷ് വാദിക്കുന്നത്. ഹനീഫയെ ഹരീഷ് വിശേഷിപ്പിക്കുന്നതാകട്ടെ ജസ്റ്റീസെന്നാണ്. അദ്ദേഹം ജില്ല ജഡ്ജിയാണെന്ന് ഓർക്കുക.
നടപടിയുണ്ടാവുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നിട്ടും ഒന്നും നടന്നില്ല. ഏറ്റവും മോശമായ രീതിയിലാണ് കേസ് അന്വേഷിച്ചത്. ദയനീയമായ രീതിയിലാണ് വിചാരണ നടത്തിയത്. കേസിൽ പ്രതികളായ എല്ലാവരെയും കീഴ്കോടതി െവറുതെവിട്ടു. കോടതി വിധി വന്നശേഷം നീതികിട്ടാതെ മടക്കമില്ലെന്ന് പറഞ്ഞ് സത്യാഗ്രഹം നടത്തി.
ഹൈകോടതിയാണ് കേസ് അന്വേഷണം മോശമായിരുന്നവെന്ന് കണ്ടെത്തിയത്. പ്രതികളെ വെറുതെവിട്ട കീഴ്ക്കോടതി വിധി ഹൈ കോടതി റദ്ദാക്കി. ഹൈകോടതിയിൽ ജസ്റ്റിസുരായ ഹരിപ്രസാദും അനിതയും ചേർന്ന് അത്യപൂർവ വിധി പ്രസ്താവനയാണ് നടത്തിയത്. ഹൈകോടതി ഇത്രയധികം അധികാരം ഉപയോഗിച്ച മറ്റൊരു കേസില്ല. അത്രയും നിശിതമായ ഭാഷയിലാണ് വിമർശിച്ചത്.
പുനർവിചാരണയും ആവശ്യമെങ്കിൽ പുനർ അന്വേഷണവും നടത്തണമെന്നാണ് കോടതി പറഞ്ഞത്. അതിനെതുടർന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ബോധപൂർവം മറച്ചുപിടിക്കുകയാണ്. ക്രമിനിൽ നടപടി എന്തെന്ന് അറിയാത്ത പാവങ്ങൾക്കെതിരയാണ് ഹരീഷിന്‍റെ വെല്ലുവിളിയെന്നും ജയശങ്കർ പറഞ്ഞു.