എല്ലാ ജില്ലയിലും വോട്ടർപട്ടികയിൽ ഇരട്ടിപ്പ്, തവനൂരില്‍ മാത്രം 4395…
തിരുവനന്തപുരം ∙ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കി. കഴിഞ്ഞദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ളവോട്ട് സംബന്ധിച്ച വിവരങ്ങള്‍ കമ്മിഷനു കൈമാറിയിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്നു ചെന്നിത്തല ആരോപിച്ചു
വ്യാഴാഴ്ച നല്‍കിയ പരാതിപ്രകാരം ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയതു തവനൂരാണ്, 4395 പേര്‍. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെ: കൂത്തുപറമ്പ് (2795), കണ്ണൂര്‍ (1743), കല്‍പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂര്‍ (2286), ഉടുമ്പന്‍ചോല (1168), വൈക്കം (1605), അടൂര്‍ (1283). മിക്കയിടത്തും വോട്ടർപട്ടികയിൽ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതുപോലെ ആവര്‍ത്തിച്ചിരിക്കുകയാണ്.
ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ, വോട്ടര്‍ പട്ടികയില്‍ പേര് ആവര്‍ത്തിക്കപ്പെടുകയും തങ്ങളുടെ പേരില്‍ കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല. സംഘടിതമായി ചില നിക്ഷിപ്ത താൽപര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും കൃതിമം നടത്തിയിരിക്കുന്നത്.
അവര്‍ ഐഡന്റിറ്റി കാര്‍ഡുകൾ കയ്യടക്കിയിരിക്കുകയാണ്. പിന്നീടു വോട്ടെടുപ്പിന് കള്ളവോട്ട് ചെയ്യുന്നതിനാണിതെന്നു വ്യക്തമാണ്. സംസ്ഥാനത്തുടനീളം ഇതു സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക സൂക്ഷ്മമായി പരിശോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. അവരില്‍നിന്നു ലഭിക്കുന്ന മുറയ്ക്കു മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറുമെന്നും ചെന്നിത്തല അറിയിച്ചു