ഇഎംസിസിയുമായി ഒപ്പുവെച്ച കരാറിൽ നിന്നുള്ള പിന്മാറ്റം കുറ്റസമ്മതമാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായി യാനങ്ങൾ നിർമ്മിക്കാൻ ഒപ്പുവെച്ച കരാറിൽ നിന്നുള്ള സർക്കാരിന്റെ പിന്മാറ്റം കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ്. ഈ കരാർ സർക്കാർ അറിഞ്ഞുകൊണ്ടുള്ളതാണെന്നും ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാനങ്ങൾ നിർമ്മിക്കുന്നത് മാത്രമല്ല പ്രശ്നം. ഭൂമി കൊടുത്തത് റദ്ദാക്കാത്തത് എന്തുകൊണ്ടാണ്? മറ്റ് ഉത്തരവുകളും റദ്ദാക്കണം. ടികെ ജോസ് അന്വേഷിച്ചത് കൊണ്ട് കാര്യമില്ല. മന്ത്രിമാരുടെ റോൾ എന്താണെന്ന് വ്യക്തമാകണം. ഇത് കബളിപ്പിക്കലാണ്. വൻ കൊള്ളയാണിത്. ഫെബ്രുവരി 27 ന് നടക്കുന്ന തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകും. തന്നെക്കുറിച്ചും സർക്കാരിന് അന്വേഷിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.