പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ നിയമനിര്‍മാണം നടത്തണം, ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി
ന്യൂഡല്‍ഹി: ഭരണഘടന സ്ഥാപനമായ പബ്ലിക് സര്‍വിസ് കമീഷനെ നോക്കുകുത്തിയാക്കി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ അതില്‍നിന്ന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാതെ പിന്‍വാതിലിലൂടെ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളേയും സി.പി.എം നേതൃത്വവുമായി ബന്ധമുള്ളവരേയും അനധികൃതമായി നിയമിക്കുകയാണെന്ന് എം.പി കുറ്റപ്പെടുത്തി.
ഭരണകാലാവധി അവസാനിക്കാനിരിക്കേയാണ് തിരക്കിട്ട നീക്കങ്ങള്‍. ആയിരക്കണക്കിനു പേരെയാണ് നിയമവിരുദ്ധമായി മന്ത്രിസഭയുടെ അവസാന നാളുകളില്‍ സ്ഥിരപ്പെടുത്തുന്നത്.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സമരത്തിലാണ്. അധ്വാനവും യോഗ്യതയും അംഗീകരിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യശ്രമം നടത്തുന്ന തരത്തില്‍ കേരളത്തില്‍ സമരം ആളിക്കത്തുകയാണ്.
ഭരണഘടന സ്ഥാപനമായ പി.എസ്.സി സങ്കീര്‍ണമായ പരീക്ഷകളിലൂടെ യോഗ്യരെന്നു കണ്ടെത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അവരെ ഒഴിവാക്കി സ്വജനപക്ഷപാതം നടത്തി ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം നിയമവ്യവസ്ഥകളുടെ ലംഘനവും ഭരണഘടനാനുസൃതമായി സ്ഥാപിതമായിരിക്കുന്ന പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതുമാണ്. പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കത്തക്ക വിധം ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം ഉണ്ടാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു.