ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം, നാളെ ഹര്‍ത്താല്‍.
കൊല്ലം: പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എയുടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയതിനെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
സംഘര്‍ഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക് പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ കോൺഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, കൊല്ലത്തെ കുന്നിക്കോട്ട് ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചത് എന്നായിരുന്നു ആക്ഷേപം. പി എ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.