കള്ളവോട്ട് തടയാന്‍ കമ്മിഷന്‍ ഇടപെടണമെന്നു യുഡിഎഫ് നേതാക്കള്‍
തിരുവനന്തപുരം: കള്ള വോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപടെണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നിയമസഭയിലെ യു ഡി എഫ് കക്ഷി നേതാക്കള്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ നേരില്‍ കണ്ടു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, കക്ഷി നേതാക്കളായ പി ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടും ക്രമക്കേടുകളും നടന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരികയാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ സ്വജനപക്ഷപാതവും, രാഷ്ട്രീയക്കളിയുമാണ് ഈ ക്രമക്കേടുകള്‍ക്കും, കള്ളവോട്ടുകള്‍ക്കും കാരണമായത്. ഭരണ കക്ഷിയുമായി വളരെ അടുത്തു ബന്ധമുള്ള ഉദ്യേഗസ്ഥരെയാണ് പലയിടങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ക്രമക്കേടുകളും രാഷ്ട്രീയ പക്ഷപാതിത്വവും നിക്ഷപക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഇല്ലാതാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇതിന്റെ ഫലമായാണ് വ്യാപകമായി രീതിയില്‍ കള്ളവോട്ട് നടന്നത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ എം എല്‍ എ തന്നെ കള്ള വോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം പോലും അടുത്ത ദിവസം പുറത്ത് വന്നു.
തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കുളള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് നിഷ്പക്ഷവും സുതാര്യവുമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ കള്ളവോട്ടും ക്രമക്കേടുകളും ഇല്ലാതാക്കാന്‍ കഴിയുകയുള്ളുവെന്ന് യു ഡി എഫ് നേതൃസംഘം മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു. മാത്രമല്ല, ഭരണ കക്ഷിയുമായി ബന്ധമുള്ള റിട്ടയര്‍ ചെയ്ത ഉദ്യേഗസ്ഥരെ ബൂത്ത് ലെവല്‍ പോളിംഗ് ഓഫീസര്‍മാരായി നിയമിക്കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ട് തടയണമെന്നും യു ഡി എഫ് നേതൃസംഘം ആവശ്യപ്പെട്ടു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച കാര്യത്തിലും വലിയ കൃത്രിമങ്ങള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭിന്നശേഷിക്കാരുടെയും, എണ്‍പത് വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരുടെയും വോട്ടുകള്‍ പോസ്റ്റല്‍ വോട്ടായി ശേഖരിക്കാന്‍ കമ്മീഷന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ഇവിടെയും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം നടക്കുമെന്ന ആശങ്കയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കു വച്ചു. അത് പോലെ തന്നെ കംപാനിയന്‍ വോട്ടിന്റെ കാര്യത്തിലും വലിയ ക്രമക്കേടുകള്‍ നടക്കുമെന്ന ആശങ്കയുണ്ടെന്ന് നേതാക്കള്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.
ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് ഇ-ബാലറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും തിരഞ്ഞെടുപ്പ് ഡ്യുട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ഇ-ബാലറ്റിംഗ് ഏര്‍പ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. സുതാര്യവും നിക്ഷപക്ഷവുമായ ഇടപെടലുകള്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതിപക്ഷനേതാക്കളെ അറിയിച്ചു.