ഖുറാനിലെ ശാസ്ത്രീയ സത്യങ്ങൾ ,ഇസ്ലാമും- യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന സംവാദം മലപ്പുറത്ത് .
മലപ്പുറം: ഖുറാനിലെ ശാസ്ത്രീയ സത്യങ്ങൾ, ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന സംവാദത്തിന് ഈ മാസം 9ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം വേദിയാവും. ‘മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ താൻ ശഹാദത്ത് ചൊല്ലി മുസ്ലിമാകാമെന്നും ഇതേ വരെ താൻ ഇസ്ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നുമുള്ള” യുക്തിവാദി നേതാവും പ്രഭാഷകനുമായ ഇ.എ. ജബ്ബാറിന്റെ ഖുർആനിനെതിരെയുള്ള വെല്ലുവിളിയാണ് സംവാദത്തിലേക്ക് നയിച്ചത്. തുടർന്നാണ് എം എം അക്‌ബർ സംവാദത്തിലേക്ക് എത്തുന്നത്. സംവാദത്തിന്റെ സംഘാടനം ഏറ്റെടുത്തിരിക്കുന്നത് കേരള യുക്തിവാദി സംഘമാണ്. മെഹ്‌റൂഫ് കേളോത്ത് മോഡറേറ്ററായിരിക്കും. പ്രവേശനം പാസ്സ് മൂലം പരിമിതിമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഖുർആനിൽ നിറയെ ശാസ്ത്രീയ സത്യങ്ങളുണ്ടെന്ന വാദവുമായി ചില മതപ്രഭാഷകർ നിരന്തരമായി രംഗത്ത് എത്തുന്ന സമയത്താണ് ഇ എ ജബ്ബാർ ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഒരു വീഡിയോയുമായി രംഗത്ത് എത്തിയത്. ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയുന്നതും ആ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നതുമല്ലാത്ത എന്തെങ്കിലും ശാസ്ത്രീയകാര്യങ്ങളോ, പിന്നീട് ശാസ്ത്രം ശരിയാണെന്ന് കണ്ടെത്തിയതായി തെളിവുസഹിതം ബോധ്യപ്പെടുത്തിയാൽ താൻ ഷഹാദത്ത് കലിമ ചൊല്ലി മുസ്ലിമാവാമെന്നായിരുന്നു ജബ്ബാറിന്റെ വെല്ലുവിളി. എന്നാൽ തെളിയിച്ചാൽ എന്നല്ലാതെ ഏതെങ്കിലും ഒരു ഇസ്ലാമിക പണ്ഡിതനെ പേരെടുത്ത് പറയുകയോ, അവരുമായി സംവാദത്തിന് ക്ഷണിക്കുകയോ ജബ്ബാർ ചെയ്തിരുന്നില്ല
പക്ഷേ ഇതിന് മറുപടിയായി വിവാദ ഇസ്ലാമിക പ്രാസംഗികൻ മുജാഹിദ് ബാലുശ്ശേരി രംഗത്ത് എത്തിയതോടെയാണ് കാര്യങ്ങൾ വഷളായത്. അമ്പലങ്ങൾക്ക് പണം കൊടുക്കുന്നത് വേശ്യാലയങ്ങൾക്ക് പണം കൊടുക്കുന്നതിന് തുല്യമാണെന്നൊക്കെ പറഞ്ഞ് കേസ് വരെ ഉണ്ടായ മുജാഹിദ് ബാലുശ്ശേരി അതേ സ്റ്റൈലിൽ ഹീനമായ ഭാഷയിലാണ് ജബ്ബാറിനെതിരെ സംസാരിച്ചതും സംവാദത്തിന് വെല്ലുവിളിച്ചതും. എന്നാൽ ജബ്ബാർ അതിന് കൃത്യമായ മറുപടി നിൽകുകയും മുജാഹിദ് ബാലുശ്ശേരിയുടെ സംവാദം വെല്ലുവിളി ഏറ്റെടുത്തു.
ഇതോടെ സ്വതന്ത്രചിന്തയെ അനുകൂലിക്കുന്നവർ ഫേസ്‌ബുക്കിലുടെ മുജാഹിദ് ബാലുശ്ശേരി എവിടെ എന്ന് ചോദിച്ച് വലിയ കാമ്പയിനാണ് നടത്തിയത്. ഇതോടെ പെട്ടുപോയ മുജാഹിദ് ബാലുശ്ശരി സമർഥമായി സംവാദത്തിൽനിന്ന് തടിയൂരുന്നതാണ് പിന്നീട് കണ്ടത്. താൻ ജബ്ബാറിനെയല്ല ജബ്ബാർ തന്നെയാണ് വെല്ലുവിളിച്ച്തെന്നും നേർക്കുനേരെയുള്ള ഒരു സംവാദമല്ല, മറിച്ച് ഒരു വിഭാഗം മുസ്ലിം പണ്ഡിതർ ജബ്ബാർ പറയുന്നതിന്റെ ആധികാരികത ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരിപാടിയാണ് നടത്തുക എന്നൊക്കെ പറഞ്ഞ്, നേരിട്ടുള്ള സംവാദത്തിൽനിന്ന് മുജാഹിദ് ബാലുശ്ശേരി തടിതപ്പി.
തുടർന്നാണ് പ്രഭാഷകനും നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടറുമായ എം.എം. അക്‌ബർ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ നിബന്ധനകളോടെ വെല്ലുവിളി ഏറ്റെടുത്തതായി അറിയിച്ചത്. ‘ഒരു ശാസ്ത്രഗ്രന്ഥമല്ല ഖുർആനെങ്കിലും അതിലെ പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച പരാമർശങ്ങൾ ഒന്ന് പോലും ആധുനികശാസ്ത്രത്തോട് പുറം തിരിഞ്ഞു നിൽക്കാത്തത് അത് മനുഷ്യരുടെ കരങ്ങളാൽ എഴുതപ്പെട്ടതല്ലാത്തതുകൊണ്ടാണ്. അത്കൊണ്ട് തന്നെ ലോകത്ത് ഏത് ശാസ്ത്ര വെല്ലുവിളികൾക്ക് മുന്നിലും ഖുർആൻ കൊണ്ട് സംവാദം നടത്താൻ മുസ്ലിംകൾക്ക് ഒരുകാലത്തും ഭയപ്പാടുണ്ടാകില്ല’- എം.എം. അക്‌ബർ പത്രക്കുറിപ്പിൽ അറിയിച്ചു.
എന്നാൽ ഖുർആനിലെ ശാസ്ത്രം എന്നത് വെറും കോമഡി മാത്രമാണ് ജബ്ബാർ മാസ്റ്റർ പറയുന്നത്. ദിനോസറുകളെകുറിച്ചോ, പ്ലൂട്ടോയെക്കുറിച്ചോ, മൊബൈൽ ഫോണിനെക്കുറിച്ചോ എന്തെങ്കിലും, ഖുർആനിൽ ഉണ്ടോ. അതാത് കാലത്തെ അറിവുകൾ മാത്രമേ ഏത് മതഗ്രന്ഥത്തിലും കാണൂ. സ്വന്തം കാൽക്കീഴിലുള്ള കോടികളുടെ വിലവരുന്ന എണ്ണ നിക്ഷേപണം പോലും പ്രവാചകന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതെല്ലാം പിന്നീട് ശാസ്ത്ര പുരോഗതി വഴിയാണ് കണ്ടെത്തിയത്. എന്നാൽ ഒരോ കണ്ടുപിടുത്തം നടക്കുമ്പോളും അത് ഖുർആനിൽ ഉണ്ട് എന്ന വ്യാഖ്യാന കസർത്തുകൾ മാത്രാമണ് നടക്കുന്നത്്’- ഇ എ ജബ്ബാർ തന്റെ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.
കേരളത്തിലെ അറിയപ്പെടുന്ന യുക്തവാദിയായ ഇ എ ജബ്ബാർ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇസ്ലാമിക വിമർശനവുമായി പൊതുവേദികളിൽ സജീവമാണ്. മലപ്പുറം സ്വദേശിയായ ജബ്ബാർ റിട്ടയേഡ് അദ്ധ്യാപകനാണ്. ഇസ്ലാമിക വിമർശനത്തിന്റെ പേരിൽ പലതവണ മതമൗലികവാദികളുടെ ആക്രമണത്തിനും ഭീഷണികൾക്കും ഇരയായ വ്യക്തിയാണ്. നവമാധ്യമങ്ങളിലൂടെയും തന്റെ നിശിതമായ വിമർശനം അദ്ദേഹം ്ൃഉയർത്താറുണ്ട്. 2016ൽ അദ്ദേഹത്തിന് ഐഎസിൽ നിന്ന് ഭീഷണിയുണ്ടായത് വലിയ വാർത്തയായിരുന്നു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സമൂഹിക പ്രവർത്തകൻ എം എൻ കാരശ്ശേരി അടക്കമുള്ള പ്രമുഖർ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ‘നമ്മൾക്ക് രണ്ടാമതൊരു ചേകന്നൂർ മൗലവിയുടേതു പോലെ ഇനിയൊരു ദുരന്തം ഉൾക്കൊള്ളാനാവില്ല, അഭിപ്രായ സ്വാതന്ത്ര്യം നിലനിൽക്കണം. മതേരത രാഷ്ട്രീയവും നീണാൾ വാഴട്ടെ’- എന്നായിരുന്നു എം.എൻ കാരശ്ശേരി പ്രതികരിച്ചിരുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനാണ് മലേവീട്ടിൽ മുഹമ്മദ് അക്‌ബർ എന്ന എം എം അക്‌ബർ. മലപ്പറും പരപ്പാനങ്ങാടി സ്വദേശിയാണ്. വിവിധ മത പണ്ഡിതന്മാരുമായി പൊതു വേദികളിൽ സ്നേഹ സംവാദങ്ങൾ നടത്തി പ്രശസ്തനായി. അന്തമാൻ ഇസ്ലാമിക് സെന്റർ ഡയറക്ടർ, സ്റ്റൂവർട്ട് ഗഞ്ച് ഹൈസ്‌കൂളിലെ ഇഗ്ലീഷ് അദ്ധ്യാപകൻ,നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ കൊച്ചി യിൽനിന്നും പ്രസിദ്ധീകരികുന്ന സ്നേഹ സംവാദം മാസികയുടെ പത്രാധിപർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഹൈന്ദവത:ധർമ്മവും ദർശനവും, ക്രൈസ്തവ ദൈവസങ്കൽപം ഒരു മിഥ്യ,ബൈബിളിന്റെ ദൈവികത വിമർശനങ്ങൾ വസ്തുതകൾ,ഖുർആനിന്റെ മൗലികത ആകാശം അത്ഭുതം, ശാസ്ത്രം മതം മനുഷ്യൻ, അല്ലാഹു,മുതലാളിത്തം മതം മാർക്സിസം,സ്ത്രീ ഇസ്ലാമിലും ഇതര വേദങ്ങളിലും,
ഇസ്ലാം സത്യമാർഗം എന്നിവയാണ് എം എം അക്‌ബറിന്റെ പ്രധാന കൃതികൾ. കൊച്ചിയിലെ പീസ് സ്‌കൂളിൽനിന്ന് കുട്ടികളിൽ വർഗീയത വളർത്തുന്ന രീതിയിൽ ചോദ്യപേപ്പർ ഇട്ടുവെന്ന വിഷയത്തിലും, ഐഎസ് റിക്രൂട്ട്മെന്റുമായി ബദ്ധപ്പെട്ട വിഷയത്തിലും അക്‌ബർ ആരോപണ വിധേയൻ ആയിട്ടുണ്ട്