എം ശിവശങ്കർ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിൽ
p>കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ 26-ാം തിയതിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലേക്ക് അദ്ദേഹത്ത ജയിലിലേക്ക് മാറ്റും ,അതിന് മുൻപ് ജയിൽ ചട്ടമനുസരിച്ച് കോവിഡ് സെന്ററിലേക്ക് മാറ്റി . ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്. അതേസമയം ശിവശങ്കറിന്റെ ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച പറയും.
സ്വപ്ന ഒരു മുഖം മൂടി മാത്രമാണെന്നും മുഖംമൂടിക്ക് പിന്നിൽ ശിവശങ്കറാണെന്നും ഇ.ഡി. കോടതിയിൽ പറഞ്ഞിരുന്നു. ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം തന്റെ താത്‌പര്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കർ ശ്രമിച്ചതെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കറിന് അറിയാമെന്നതിന് തെളിവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഹാജരാക്കി. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും സ്വപ്നയുടെ മൊഴിയുമാണ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്.
കേസുകൾ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഈ മൊഴികൾ എങ്ങനെ തള്ളിക്കളയാനാകുമെന്ന് കോടതി ചോദിച്ചു. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പ്രധാനപ്രതിയാണ് മൊഴി നൽകിയിരിക്കുന്നത്. കള്ളക്കടത്തിന്റെ വരുമാനമെന്ന അറിവോടെയല്ലേ സഹായിച്ചതെന്നും പ്രഥമദൃഷ്ട്യാ മനസിലാകുന്നത് അങ്ങനെയാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ മൊഴിയെടുത്തത് ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണെന്നും കോടതി വ്യക്തമാക്കി. ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.
ശിവശങ്കറിനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സമ്മർദ്ദം മൂലമാകാമെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴൊന്നും അവർ ഈ മൊഴി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ മൊഴി കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇ.ഡി. കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എൻ.ഐ.എ., ഇ.ഡി. കേസുകൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
സ്വർണക്കടത്ത് നടന്നത് ലോക്കർ ഇടപാട് നടന്ന് ഒരുവർഷത്തിന് ശേഷമാണ്. അപ്പോൾ എങ്ങനെയാണ് കള്ളക്കടത്തിന് വേണ്ടി ലോക്കർ തുടങ്ങിയതാണെന്ന് പറയാൻ കഴിയും. കേസുകൾ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശിവശങ്കർ വിളിച്ചത് കസ്റ്റംസിനെ അല്ല. ബാഗ് വിട്ട് കിട്ടാൻ ശിവശങ്കർ ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ല. സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരം വിളിച്ചത് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. കൊച്ചിയിൽ ഒരു ഭക്ഷണ ബാഗേജ് തടഞ്ഞ് വെച്ചപ്പോൾ അത് വിട്ട് കിട്ടാനാണ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നും വ്യക്തമാക്കുന്നു. കൂടാതെ കഴിഞ്ഞ മെയ് 8ന് സ്വപ്നയുടെ അച്ഛന്റെ മരണശേഷം പണം ആവശ്യപ്പെട്ടുകൊണ്ട് സ്വപ്ന, ശിവശങ്കറിന് അയച്ച വാട്സ് ആപ്പ് സന്ദേശവും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഹെെക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്.
സംസ്ഥാന സർവീസിലെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിൽ ശിവശങ്കറിനെ ജാമ്യത്തിൽ വിട്ടാൽ കേസിനെ സ്വാധീനിക്കുമെന്നാണ് ഇ.ഡി. കോടതിയിൽ വ്യക്തമാക്കിയത്. ഇതിന്റെ കാരണമായി ഇ.ഡി. ചൂണ്ടിക്കാണിച്ചത് ഉന്നത സ്വാധീനവും ശിവശങ്കറിനെതിരായ തെളിവുകളുമാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേവലം അറിവ് മാത്രമല്ല ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും സ്വർണക്കടത്തിന് ഒത്താശ ചെയ്തെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. കിട്ടുന്ന പണം എവിടെ നിക്ഷേപിക്കണമെന്ന നിർദ്ദേശവും നൽകി. ഇരുവരും ചേർന്ന് സ്വപ്നയുടെ പേരിൽ മറ്റൊരു ലോക്കർ കൂടി തുറക്കാൻ പദ്ധതിയിട്ടിരുന്നതായും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി.
ബാഗ് വിട്ട് കിട്ടുന്നതിനും ശിവശങ്കർ ഇടപെടൽ നടത്തിയിട്ടുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരം കസ്റ്റംസിനെ വിളിച്ചെന്നും ശിവശങ്കർ സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയെന്നും ശിവശങ്കറിന്റെ ജാമ്യ ഹർജി എതിർത്തുകൊണ്ട് സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് പി. റാവു വാദിച്ചു.
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്ന് ഒരു ദിവസത്തേക്ക് കൂടി പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി നീട്ടിനൽകുകയായിരുന്നു. ശിവശങ്കറിന് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് ആരോപണങ്ങളടങ്ങിയ 32 പേജുള്ള എതിർപ്പ് സത്യവാങ്മൂലമാണ് ഇ.ഡി. കോടതിയിൽ സമർപ്പിച്ചത്.
സ്വർണക്കടത്തിനെക്കുറിച്ച് എം. ശിവശങ്കർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് അറിയാമായിരുന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ശക്തമായ ബന്ധങ്ങളുണ്ടായിരുന്നു. കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ ടെൻഡറുകൾ തുറക്കുംമുമ്പ് ശിവശങ്കർ സ്വപ്നയ്ക്കുകൈമാറി. സ്വപ്നയ്ക്ക് കമ്മിഷനായി ലഭിച്ച ഒരുകോടി രൂപ ശിവശങ്കറിനുള്ളതായിരുന്നു. ടോറസ് ഡൗൺടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട ഒരാളുടെ പേര് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ശിവശങ്കറുമായി വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി. നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വർണക്കടത്തിന് മുൻപും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ലോക്കറിലെ ഒരു കോടി രൂപ ശിവശങ്കറിന്റേത് അല്ലെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ആ പണം ശിവശങ്കറിന്റേതാണെന്നും അതുകൊണ്ടാണ് ചാർട്ടേട് അക്കൗണ്ടന്റ് ലോക്കറിന്റെ കൂട്ടുടമ ആയത്. ലൈഫ് മിഷനിൽ ശിവശങ്കറിന് കോഴ കിട്ടിയെന്നതിന് തെളിവുണ്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി.