ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശ സംരക്ഷണം ,ബാലാവകാശ കമ്മിഷന്‍ പിന്മാറി
തിരുവനന്തപുരം: : കേസിൽ കൂടുതൽ ദോഷം ചെയ്യുമെന്ന് ഉറപ്പായതോടെ ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരായ എല്ലാ നടപടികളും ഉപേക്ഷിച്ച് ബാലാവകാശ കമ്മീഷന്‍. വാളായാര്‍ ഉള്‍പ്പെടെ കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കെപ്പട്ടതടക്കം സംഭവങ്ങളില്‍ അനങ്ങാതിരുന്ന കമ്മിഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരക്കുട്ടിയുടെ കാര്യത്തില്‍ പൊടുന്നനേ നടപടിയുമായി രംഗത്തെത്തിയത് വലിയ വിവാദത്തിനു വിമര്‍ശനത്തിനു വഴിവച്ചിരുന്നു. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍ അംഗം കെ.നസീര്‍ രംഗത്തെത്തി.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചിലിനിടെ നാടകീയ രംഗങ്ങളായിരുന്നു ഉണ്ടായത്. വീടിനുള്ളിലുള്ള ബിനീഷിന്റെ ഭാര്യയെയും അവരുടെ അമ്മയെയും രണ്ടരവയസുള്ള കുട്ടിയെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് അത് നാടകീയ രംഗങ്ങളിലേക്ക് നീങ്ങിയത്.
എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വീട്ടിലെത്തി തെരച്ചില്‍ നടത്തിയശേഷം മഹ്‌സറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ എട്ടരയോടെ ബന്ധുക്കള്‍ വീടിനു മുന്നിലെത്തിയതോടെയാണ് ബിനീഷിന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടെന്നും അവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. ഇതോടെ അവിടേയ്ക്ക് മാധ്യമങ്ങള്‍ എത്തുകയും ബാലാവകാശ കമ്മിഷന്‍ ഇടപെടുകയുമായിരുന്നു.