മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലെത്തിയതിന്റെ തെളിവാണ് അത്. പിണറായി വിളിച്ച് കൊണ്ട് വന്ന ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ പൊലീസില്‍ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെഹ്റയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികളൊക്കെ സിഎജി റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതെടുത്ത് കോള്‍ഡ് സ്റ്റോറേജില്‍ വെച്ചിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
അതേസമയം ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികള്‍ പരിധി വിട്ട് ചിലരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതായി പിണറായി ആരോപിച്ചു . സര്‍ക്കാര്‍ നയങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളെ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
സ്വര്‍ണ്ണക്കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ക്ഷണിച്ച് വരുത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് ഏജസികളെ കടന്നാക്രമിക്കുന്നത്. സിപിഎം നേതാക്കള്‍ കൂട്ടത്തോടെ ഏജന്‍സികളെ വിമര്‍ശിച്ചപ്പോഴും അന്വേഷണങ്ങള്‍ക്ക് ഇതുവരെ പിണറായി നല്‍കിയിരുന്നത് നല്ല സര്‍ട്ടിഫിക്കറ്റായിരുന്നു.
ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാറിന്റെ സ്വപ്നപദ്ധതികളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടക്കാന്‍ തീരുമാനിച്ചതോടെയാണ് പിണറായിയുടെ ലൈന്‍ മാറ്റം. ആദ്യഘട്ടത്തില്‍ നല്ലനിലിയിലായിരുന്ന അന്വേഷണം പിന്നെ വഴിമാറി. സെലക്ടീവായി മൊഴിചോര്‍ത്തുന്നുവെന്നും സര്‍ക്കാറിന്റെ നയത്തിലും പരിപാടിയിലും വരെ ഇടപെടുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
എന്നാല്‍ ലൈഫിലെ സിബിഐ അന്വേഷണത്തിന് തടയിട്ടപോലെ ഇഡിയുടെ തുടര്‍നീക്കങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സര്‍ക്കാറും ഏജന്‍സികളും തമ്മിലെ വലിയപോരിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ്.