ചെറുതുരുത്തിയിൽ പ്രാദേശിക മാധ്യമ പ്രവര്ത്തകന് നേരെ ആക്രമണം.
തൃശൂർ : ചെറുതുരുത്തിയിൽ പ്രാദേശിക ചാനൽ പ്രവര്‍ത്തകനു നേരെ ആക്രമണം. ടി.സി.വി ചാനലിന്റെ ചെറുതുരുത്തി, ദേശമംഗലം പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ആറങ്ങോട്ടുകര തോപ്പില്‍പ്പറമ്പില്‍ വീട്ടില്‍ സുജില്‍കുമാറിനു (34) നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി അടുത്ത ദിവസം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്ന ദേശമംഗലം സ്ക്കൂള്‍ കെട്ടിട ത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ മദ്യപിച്ചുകൊണ്ടിരുന്ന സാമൂഹികവിരുദ്ധര്‍ ഓടിയെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ചവിട്ടേറ്റു വീണ സുജിൽ കുമാർ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ചു നിര്‍ത്തി സംഭവം പോലീസില്‍ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. അടഞ്ഞുകിടക്കുന്ന സ്കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മദ്യമാഫിയ സജീവമാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരിൽ ചിലർക്കും ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭീഷണി മൂലം പലരും പരാതിപ്പെടാൻ മടിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
മര്‍ദ്ദനമേറ്റ സുജില്‍കുമാറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. തുടര്‍ന്നു മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കി. ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ചെറുതുരുത്തി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രസിഡന്റ് മണി ചെറുതുരുത്തി, സെക്രട്ടറി ജയകുമാര്‍, എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ചേലക്കര മേഖല സെക്രട്ടറി മനോജ് തൈക്കാട്ട്, പ്രസിഡന്റ് സ്റ്റാന്‍ലി സാമുവേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.