
പണം ഇരട്ടിപ്പിക്കൽ , തട്ടിപ്പ്കാരിയായ യുവതി അറസ്റ്റിൽ

അടിമാലി: ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിഷേപിച്ച് ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റിൽ . കോതമംഗലം പൈങ്ങോട്ടൂര്‍ കോട്ടേക്കുടി സുറുമി (33) നെയാണ് അടിമാലി സിഐ. അനില്‍ ജോര്‍ജിന്റെ നേത്യത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി മേഖലയില്‍ നിന്നും യുവതി ഏഴ് പേരില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. മേഖലയില്‍ കൂടുതല്‍ പേരില്‍ നിന്നും ഇവര്‍ പണം തട്ടിച്ചെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2020 ഏപ്രില്‍ പിഞ്ച് കുട്ടികളോടൊപ്പം അടിമാലിയില്‍ എത്തിയ സുറുമി അടിമാലി മാപ്പാനി കാട്ട് കുന്നില്‍ വാടകയ്ക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇപ്പോള്‍ ഇവര്‍ എറണാകുളം ത്യക്കളത്തൂര്‍ പള്ളിചിറങ്ങര ഭാഗത്ത് വാടകക്ക് താമസിക്കുന്നതിനിടെയാണ് അറസ്റ്റ്. അടിമാലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അടിമാലിയില്‍ താമസിക്കവെ ഇവര്‍ അയല്‍വാസികളെയാണ് ആദ്യം കെണിയില്‍പെടുത്തിയത്.
.

ആദ്യം ചെറിയ തുകകള്‍ വാങ്ങി ഇരട്ടിയായി തിരികെ കൊടുത്തു. പിന്നീട് പലരില്‍ നിന്നായി വലിയ തുക കൈപറ്റിയ ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് അടിമാലിയില്‍ നിന്നും മുങ്ങി. പിന്നീട് പലയിടത്തും മാറി മാറി താമസിച്ചു. ഭര്‍ത്താവ് ഗള്‍ഫിലാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതോടൊപ്പം ഒരു പവന്‍ സ്വര്‍ണം നല്‍കിയാല്‍ ആറ് മാസം കൊണ്ട് ഇരട്ടി സ്വര്‍ണ്ണമോ, പണമോ നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ സ്വര്‍ണ്ണവും തട്ടിയെടുത്തതായും പരാതിയുണ്ട്.