സ്മിത മേനോന്‍ വിവാദം , പരാതി കേന്ദ്ര വിജിലൻസ് സംഘം അന്വേഷിക്കും.
ന്യൂഡല്‍ഹി: അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്ത വിവാദം കേന്ദ്ര വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. കേന്ദ്ര വിജിലൻസ് കമ്മീഷന്റേതാണ് നിർദേശം.
യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ ഓഫീസര്‍, മുരളീധരന് എതിരായ പരാതിയില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി അംഗീകരിക്കില്ലെന്നും മുരളീധരന്റെ ഭാഗത്തുനിന്നും ഉണ്ടായത് പ്രോട്ടോകോള്‍ ലംഘനമാണെന്നായിരുന്നു സലീം മടവൂര്‍ പ്രതികരിച്ചത്. മന്ത്രിക്കെതിരെ വിജിലന്‍സ് കമ്മീഷനും സലീം മടവൂര്‍ പരാതി നല്‍കിയിരുന്നു.
വിവാദത്തില്‍ നേരത്തെ മുരളീധരന്‍ തന്നെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കേണ്ടത് താനാണോയെന്നാണ് മന്ത്രിയുടെ ചോദ്യം. സ്മിത മേനോന് മാത്രമല്ല അനുമതി കിട്ടിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം പങ്കെടുത്ത സമ്മേളനത്തില്‍ അനുമതി ചോദിച്ചിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും അനുമതി കിട്ടിയേനെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിശദീകരിക്കുന്നു. സ്മിത മേനോന്‍ ഇരുന്നത് വേദിയില്‍ അല്ലെന്നുമാണ് മന്ത്രി നല്‍കിയ വിശദീകരണം. അതേസമയം പി ആര്‍ ഏജന്റ് എന്ന നിലയില്‍ ആണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സ്മിതാ മേനോന്‍ വിശദീകരിക്കുന്നത്. ആര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ കോണ്‍ഫറന്‍സ് ആയിരുന്നു അതെന്നും ചെലവ് സ്വയം വഹിച്ചതാണെന്നും സ്മിതാ മേനോന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സ്മിതാ മേനോന്‍ വിവാദം ബിജെപിയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ഉലച്ചിലുകള്‍ വരുത്തിയിരുന്നു. സ്മിതാ മേനോന്‍ വിവാദത്തില്‍ മന്ത്രി മുരളീധരന് തെറ്റുപറ്റി എന്നാണു ഡല്‍ഹി സംസാരം. വിദേശ യാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കോഡ് ഓഫ് കോണ്‍ഡക്റ്റ് നിര്‍ബന്ധമാണ്. അതിലൊന്ന് ഭാര്യയെയും കുട്ടികളെയും എഴുന്നെള്ളിച്ച് വിവാദയാത്ര നടത്തരുത് എന്നാണ്. സ്വന്തം കുടുംബത്തെ കൂട്ടി സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിച്ച് ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്ത് നടത്തിയ ഒരു യാത്രയുടെ കഥ ഡല്‍ഹി ഭരണവൃത്തങ്ങളില്‍ ഇന്നും ചര്‍ച്ചയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് വിദേശ യാത്രകളില്‍ മോദി നിഷ്‌ക്കര്‍ഷ വെച്ചു പുലര്‍ത്താറുള്ളത്.
കുംബത്തെ കൂട്ടി വിദേശയാത്ര നടത്താന്‍ മന്ത്രിമാരെ പ്രധാനമന്ത്രി അനുവദിക്കാറില്ല. ജീന്‍സ് അണിഞ്ഞു വിദേശ യാത്രയ്ക്ക് ഒരുങ്ങിയ പ്രകാശ് ജാവദേക്കറെ പ്രധാനമന്ത്രി തിരികെ വിളിച്ച് ഔദ്യോഗിക ഡ്രെസ് അണിഞ്ഞു യാത്ര നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു. മോദി ആദ്യം പ്രധാനമന്ത്രിയായ വേളയിലാണ് ഈ സംഭവം നടക്കുന്നത്. ഇത് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമെല്ലാം അറിയാം. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെയാണ് മുരളീധരന്റെ വിദേശയാത്ര വിവാദമാകുന്നത്.
,p>സ്മിതാ മേനോനെ തന്നെ അനുഗമിക്കാന്‍ മുരളീധരന്‍ അനുവദിക്കുകയായിരുന്നു. ഒരേ വിമാനത്തില്‍ തന്നെ ദുബായ് യാത്രയും. സ്മിതാ മേനോന്റെ യാത്ര സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയാണ് എന്നാണ് പുറത്ത് വന്ന വിവരം. അതുകൊണ്ട് തന്നെ പ്രോട്ടോക്കോള്‍ ലംഘനമില്ല. പക്ഷെ ശിവശങ്കര്‍ -സ്വപ്ന സുരേഷ് വിമാനയാത്ര കേരളത്തില്‍ വിവാദമായിരിക്കുകയും കേന്ദ്ര ഏജന്‍സികള്‍ ഈ യാത്രയുടെ നാരായവേരുകള്‍ തേടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്ത വേളയിലാണ് മുരളീധരന്റെ യാത്രയും വിവാദച്ഛയ പടര്‍ന്നു വ്യാപിച്ചത്.