കോവിഡ് രോഗവ്യാപനം രൂക്ഷം , പരിശോധന കർശനമാക്കി ചാവക്കാട് പൊലീസ്
ചാവക്കാട്: നിയന്ത്രിത മേഖലയിൽ പരിശോധന കർശനമാക്കി ചാവക്കാട് പൊലീസ്. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലും നിയന്ത്രണം കർശനമാക്കിയിരുന്നു. രോഗികളുടെ വർദ്ധനവ് അനുസരിച്ച് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിയന്ത്രിത മേഖലകളാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നതും കച്ചവടം നടത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച 250 വാഹനങ്ങൾ പരിശോധിച്ചു. 7 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നിയമലംഘനം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചാവക്കാട് എസ് എച്ച് ഒ അനിൽ ടി മേപ്പള്ളി, എസ്ഐമാരായ ഷാജഹാൻ, അനിൽകുമാർ, സിപിഒ മുനീർ, പ്രജീഷ്, ശരത്, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.