Above Pot

ബിഹാര്‍ സെക്രട്ടറിയേറ്റിലും വന്‍ തീപ്പിടുത്തം, നിരവധി ഫയലുകള്‍ കത്തി നശിച്ചു.

പട്ന: ബിഹാര്‍ സെക്രട്ടറിയേറ്റിലും വന്‍ തീപ്പിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. എന്‍ഡിഎ ഭരണകാലത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. അടുത്തിടെ കേരളത്തിലുണ്ടായതിന് സമാനമായ വിവാദമാണ് ബിഹാറിലും ഉയര്‍ന്നിട്ടുള്ളത്.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്നത്. ഒന്നാം നിലയിലേക്കും തീപടര്‍ന്നു. 15 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Astrologer

‘സെക്രട്ടറിയേറ്റിലുള്ള അഗ്നി ശമനസേനാംഗങ്ങള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള പന്ത്രണ്ടോളം യൂണിറ്റുകളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി. ഇന്ന് ഉച്ചയ്ക്ക്‌ ഒന്നരയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്’ പട്‌ന അഗ്നിശമന സേന വാക്താവ് അറിയിച്ചു.

ആളപായമൊന്നും ഉണ്ടായില്ല. എന്നാല്‍ പ്രധാനപ്പെട്ട ഫയലുകളും രേഖകളും നശിച്ചിട്ടുണ്ടെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഔദ്യോഗിക രേഖകള്‍ നശിപ്പിക്കുന്നതില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആര്‍ജെഡി വാക്താവ് ചിത്രഞ്ജന്‍ ഗഗന്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ അഴിമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ആര്‍ജെഡി ആരോപിച്ചു.

‘തങ്ങളുടെ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തില്‍ തുടരില്ലെന്ന് എന്‍ഡിഎ സഖ്യകക്ഷികളായ ജനതാദള്‍-യുണൈറ്റഡ്, ബിജെപി നേതാക്കള്‍ തിരിച്ചറിഞ്ഞു. എന്‍ഡിഎ ഭരണകാലത്ത് നടത്തിയ അഴിമതികള്‍ ബിഹാറില്‍ ആര്‍ജെഡി അധികാരത്തില്‍ എത്തുമ്പോള്‍ അന്വേഷിക്കുമെന്ന ഭയത്തിലാണ് അവര്‍ ഇപ്പോള്‍ അട്ടിമറിനടത്തി തെളിവ് നശിപ്പിച്ചിരിക്കുന്നത്. അറുപതോളം അഴിമതി ആരോപണങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ഉണ്ട്’ ചിത്രഞ്ജന്‍ ഗഗന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Vadasheri Footer