Madhavam header
Above Pot

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം ഫലപ്രദമല്ല : കെ.ജി.എം.ഒ.എ

തൃശ്ശൂർ: ജില്ലയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന  കോവിഡ് പോസിറ്റിവിറ്റി നിരക്കുകളിലേക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .

പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ ജില്ലാ മെഡിക്കൽ ഓഫീസറും ഓഫീസും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് തൃശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കെ.ജി.എം.ഒ.എ ഡോക്ടർമാർ തുറന്നടിച്ചു.

Astrologer

ശനിയാഴ്ച നടത്തിയ ടെസ്റ്റുകളിലെ പോസിറ്റിവിറ്റി റേറ്റ് 25 ശതമാനമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ഈ സാഹചര്യം നേരിടാൻ തൃശ്ശൂർ ജില്ലയിലെ ആരോഗ്യ സംവിധാനം സുസജ്ജം ആണോയെന്ന് സംഘടനയ്ക്ക് ആശങ്കയുണ്ട്.
കെ.ജി.എം.ഒ.എ-യെ ഇത്തരമൊരു ആശങ്കയിലേക്ക് തള്ളിവിട്ടത് ജില്ലയിലെ ആരോഗ്യവകുപ്പിലെ എല്ലാ ഡോക്ടർമാരെയും ഉൾപ്പെടുത്തിക്കൊണ്ട് 15- ന് കൂടിയ ജനറൽബോഡി യോഗത്തിൽ അംഗങ്ങൾ മുന്നോട്ടുവെച്ച വസ്തുതകളാണ്.

ജില്ലാ ആരോഗ്യവകുപ്പ് മേധാവിയുടെയും  ഓഫീസിൻറെയും നിഷേധാത്മകമായ പ്രതികരണം, സഹകരണ കുറവ്, പ്രതികാര നടപടികൾ തുടങ്ങിയവ അംഗങ്ങളിൽ ആശങ്കയും ഭയവും ഉണ്ടാക്കുന്നു. മാനവവിഭവശേഷിയുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ മൂലമുണ്ടാകുന്ന ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ ബലിയാട് ആക്കുന്ന സാഹചര്യം സംജാതമാകുമോയെന്ന് സംഘടന ഭയപ്പെടുന്നതായും ഭാരവാഹികള് അറിയിച്ചു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പോരായ്മകളെ പറ്റി തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഉചിതമായ നടപടി അദ്ദേഹം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും ഡോക്ടർമാർ പറഞ്ഞു.

ക്യാൻസർ രോഗികൾ, ഡയാലിസിസ് രോഗികൾ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പ്രായാധിക്യം മൂലമുള്ള രോഗങ്ങളാൽ വിഷമം അനുഭവിക്കുന്നവർ, അത്യാഹിത ചികിത്സ വേണ്ടവർ തുടങ്ങിയ രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ ജില്ലയിൽ ശുഷ്കമാണ്.

കോവിഡ് ചികിത്സയ്ക്കും കോവിഡ് ഇതര ചികിത്സയ്ക്കുമായി ആശുപത്രികളെ തരംതിരിക്കുന്നത് ഉള്ള അശാസ്ത്രീയത യാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. പുതുക്കാട്, ചേലക്കര എന്നീ താലൂക്ക് ആശുപത്രികളെയാണ് കോവിഡ് ഇതര ആശുപത്രികളായിയിരിക്കുന്നത്.
ഈ ആശുപത്രികളിൽ മാനവ വിഭവശേഷിക്കുറവ് മൂലം അത്യാഹിത വിഭാഗത്തിന്റെ സേവനമോ, പ്രസവ സംബന്ധമായ ശുശ്രൂഷയോ, ഫിസിഷ്യൻ തുടങ്ങിയ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനമോ ലഭ്യമല്ല. താലൂക്ക് ആശുപത്രി തലത്തിലുള്ള തസ്തികകൾ സൃഷ്ടിക്കാതെ ബോർഡ് മാറ്റി താലൂക്ക് ആശുപത്രി ആക്കിയ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ കോവിഡ് ഇതര ചികിത്സയ്ക്കായി മാറ്റിവെച്ചു എന്ന് പറയുന്നത് അശാസ്ത്രീയമാണ് എന്നും കെ.ജി.എം.ഒ.എ ഡോക്ടർമാർ പറയുന്നു.

<

മറ്റു ജില്ലകളിൽ പ്രസവ ശുശ്രൂഷയും, അത്യാഹിത വിഭാഗവും, കൂടുതൽ സ്പെഷ്യലിസ്റ്റുകളും ഉള്ള ജനറൽ-ജില്ലാ ആശുപത്രികളെയാണ് കോവിഡ് ഇതര രോഗികൾക്കായി മാറ്റി വെച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികളെ തിരഞ്ഞെടുക്കേണ്ട സാചര്യം വരുമ്പോൾ , അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്, മറ്റ് ആശുപത്രികളിൽ നിന്നും മാനവവിഭവശേഷിയെ പുനർ വിന്യസിച്ച് ശക്തിപ്പെടുത്തുകയാണ്  ചെയ്യുന്നത്. ഇതിന് പകരം ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും 30 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കുക എന്ന തെറ്റായ ആശയമാണ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. ഇത് തീർത്തും അശാസ്ത്രീയം ആയതിനാൽ അടിയന്തര ഇടപെടലിനായി ജില്ലാകലക്ടറെ കണ്ട സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.

കോവിഡ് ഇത്തരം ചികിത്സയ്ക്കായി പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സ്വകാര്യ ആശുപത്രികളിൽ വൻതുക ചെലവാക്കി പോകേണ്ട സാഹചര്യവും സംജാതമായിരിക്കുകയാണ് എന്നു ഡോക്ടർമാർ പറയുന്നു.

പ്ളാസ്റ്റിക് ലൈന്ഡ് ആയ പിപിഇ കിറ്റ് ജില്ലയില് ഉപയോഗിക്കുന്നത് മൂലം ഈ മാസത്തില് അഞ്ച് മേജര് ആശുപത്രികള് അടക്കം 11 സ്ഥാപനങ്ങളില് പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്ത്തകര്ക്ക്, കടുത്ത ചൂടും ജലാംശക്കുറവും മൂലം തലകറക്കവും പരിഭ്രമവും ഉണ്ടായി.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ നിലവാരക്കുറവും തന്മൂലം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും ജില്ലയിലെ പ്രധാന ആശുപത്രികളുടെ മേലധികാരികൾ രേഖാമൂലം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടും ഇതുവരെ നടപടികൾ  ഉണ്ടായില്ല.
 ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ, കോവിഡ് രോഗികളുടെ ഗൃഹ പരിചരണം,കോവിഡ് പോസിറ്റീവ് രോഗികളുടെ ഗതാഗതം  തുടങ്ങിയ കാര്യങ്ങളിലും ശാസ്ത്രീയമായ നടപടി വേണമെന്നും കെ.ജി.എം.ഒ.എ. ഭാരവാഹികള് ആവശ്യപ്പെട്ടു.

കോവിഡ് മാർഗരേഖ പ്രകാരം വീടുകളിൽ തന്നെ ചികിത്സതേടുന്ന രോഗികളെ ദിവസവും രണ്ടു പ്രാവശ്യം എങ്കിലും ഫോണിൽ വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ എന്നും ഡോക്ടർമാർ പറയുന്നു.

രോഗം ബാധിച്ചവരെ നിശ്ചിത സമയത്തുതന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻസറുകളിൽ നിന്നും വീടുകളിൽ നിന്നും കോവിഡ് ആശുപത്രികളിലേക്ക് മാറ്റുവാൻ 108 ആംബുലൻസുകൾ ലഭ്യമാകുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടി.

വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. ജോ കുരുവിള,ജില്ലാ സെക്രട്ടറി ഡോ.ബിനോജ് ജോർജ് മാത്യു,മേഖലാ വൈസ് പ്രസിഡന്റ് ഡോ. അസീന, ഡോ.വി.ടി.വേണുഗോപാൽ,ഡോ. പ്രജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer