പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എൻസിപി.
കൊച്ചി: പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു നല്‍കേണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടു പാലാ നിയമസഭാ സീറ്റ് ഇടതുമുന്നണിയില്‍ വിവാദമായി തുടരവേയാണ് മുന്നണി ബന്ധങ്ങളില്‍ ഉലച്ചില്‍ സൃഷ്ടിക്കുന്ന കടുത്ത തീരുമാനം ശരദ് പവാറിന്റെ ഭാഗത്ത് നിന്നും വന്നത്. കൊച്ചിയില്‍ ഇന്നു ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് പാല സീറ്റ് വിട്ടു നല്‍കേണ്ടെന്ന ശരദ് പവാറിന്റെ തീരുമാനം അറിയിച്ചത്. പാലാ സീറ്റ് പ്രശ്നത്തില്‍ മാണി സി കാപ്പനു ഒപ്പമെന്ന സന്ദേശമാണ് പവാറും നല്‍കിയത്. ഇതോടെ പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനവുമായി എന്‍സിപി മുന്നോട്ടു പോവുകയാണ്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് വേണ്ടന്ന മാണി സി കാപ്പന്റെ തീരുമാനത്തിനു അനുസൃതമായാണ് പാല വിട്ടുകൊടുക്കേണ്ടതില്ലെന്ന ശരദ് പവാറിന്റെ തീരുമാനം വന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഒരു സീറ്റും വിട്ടുനല്‍കില്ലെന്നാണ് എന്‍സിപിയുടെ കൊച്ചിയില്‍ ചേര്‍ന്ന ഇന്നത്തെ നേതൃയോഗത്തില്‍ തീരുമാനിച്ചത്. ഇതോടെ പാലാ സീറ്റുമായി ബന്ധപ്പെട്ടു ഇടതുമുന്നണിയില്‍ ഉടലെടുത്ത പ്രതിസന്ധി മൂര്‍ച്ചിക്കുകയാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നു മാണി സി. കാപ്പന് പറഞ്ഞുകഴിഞ്ഞു. എന്നാല്‍ പാലാ സീറ്റ് കിട്ടാതെ ഒരു ഒത്തുതീര്‍പ്പിന് കേരള കോണ്‍ഗ്രസും തയ്യാറാകില്ല. ഇതാണ് ഇടതുമുന്നണിയുടെ തലവേദനയാക്കി പാലായെ മാറ്റുന്നത്. ഇടതുമുന്നണിയിലേക്കെന്നു ഉറപ്പിച്ച ശേഷം പാലാ കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണ് എന്ന് പറഞ്ഞു ജോസ് കെ മാണി പൊട്ടിച്ച വെടിയാണ് ശക്തമായ തുടര്‍ന്നിരുന്ന ഇടതുമുന്നണിയുടെ മുന്നണി ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കിയത്. ജോസ് കെ മാണി വരുമോ പോകുമോ എന്നൊന്നും എന്‍സിപിക്ക് പ്രശ്നമില്ല.
ഇതുവരെ മത്സരിച്ച നാല് സീറ്റും നല്‍കേണ്ടതില്ല എന്നാണ് ഇന്നത്തെ നേതൃയോഗത്തില്‍ എടുത്ത തീരുമാനം. പാലാ സീറ്റ് വേണമെന്ന് ഇടതുമുന്നണിയോ സിപിഎമ്മോ ആവശ്യപ്പെട്ടിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ ഒരു തീരുമാനം വന്നാല്‍ എന്ത് ചെയ്യണം എന്ന ചര്‍ച്ച അനാവശ്യമാണെന്നാണ് നേതാക്കള്‍ വാദിച്ചത്. ഉപാധിയില്ലാതെയാണ് വരുന്നതെന്നു ജോസ് കെ മാണി പറഞ്ഞതും നേതാക്കള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. ”നിലവിലെ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ട എന്ന് തന്നെയാണ് ഞങ്ങളുടെ ദേശീയ തലത്തില്‍ എടുത്ത തീരുമാനം. പാലാ സീറ്റ് കൈമാറണമെന്ന് ഞങ്ങളോട് ആരും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പാല എന്‍സിപിയുടെ സിറ്റിങ് സീറ്റ് ആണ്. അത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല- എന്‍സിപി ജനറല്‍ സെക്രട്ടറി സലിം.പി.മാത്യു പറഞ്ഞു. അതേസമയം പാലാ സീറ്റ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് സിപിഎം തത്വത്തില്‍ എടുത്ത തീരുമാനം. ഭരണത്തുടര്‍ച്ചയ്ക്ക് കേരളാ കോണ്‍ഗ്രസിന്റെ എമ്മിന്റെ വരവ് അനിവാര്യമാണെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഇത് മനസിലാക്കിയാണ് ജോസ് കെ മാണിയുടെ കാര്യത്തില്‍ എതിര് നിലപാട് സിപിഐയും കൈക്കൊള്ളാത്തത്. പാലാ സീറ്റിന്റെ കാര്യത്തില്‍ ശക്തമായ ഒരു നിലപാട് സ്വീകരിച്ചാല്‍ എന്‍സിപിയില്‍ വരുന്ന പിളര്‍പ്പ് സിപിഎം മുന്നില്‍ കാണുന്നുണ്ട്.
എ.കെ.ശശീന്ദ്രന് പക്ഷം ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. പവാര്‍ തീരുമാനിക്കുന്നതാണ് എന്‍സിപി തീരുമാനം എന്നതിനാല്‍ ശശീന്ദ്രന് പക്ഷത്തിനു എന്‍സിപിയായി തുടരാന്‍ കഴിയില്ലെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. പിളര്‍പ്പ് മുന്നില്‍ കണ്ടു പാലാ സീറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്നാണ് ശശീന്ദ്രന് പക്ഷത്തിന്റെ തീരുമാനം. പക്ഷെ മറ്റു നേതാക്കള്‍ ഈ വാദത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. കഷ്ടി ഒരു വര്‍ഷം ആയതേയുള്ളൂ. പാലയുടെ വിജയത്തിനു. ഈ ഘട്ടത്തില്‍ സീറ്റ് വിട്ടുകൊടുക്കുക രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല എന്ന വാദം മാണി സി കാപ്പന് വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്.
പാലായുടെ പ്രശ്നത്തില്‍ പവാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നുണ്ട്. ദേശീയ തലത്തില്‍ എന്‍സിപി കോണ്‍ഗ്രസിന് ഒപ്പമാണ്. ഈ പതിവ് തെറ്റിച്ചാണ് കേരളത്തിലെ പാര്‍ട്ടി ഇടതുമുന്നണിക്ക് ഒപ്പം നിന്ന് കോണ്‍ഗ്രസിന് എതിരായ നിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും എന്‍സിപി കോണ്‍ഗ്രസിന് ഒപ്പമാണ് നല്ലതെന്ന വികാരമാണ് ശരദ് പവാറിന് ഉള്ളത്. അതുകൊണ്ട് തന്നെയാണ് മാണി സി കാപ്പനു അനുകൂലമായ നിലപാട് പവാര്‍ സ്വീകരിക്കുന്നതും. പാല സീറ്റിന്റെ കാര്യത്തില്‍ ഉടക്കി എന്‍സിപി യുഡിഎഫിലേക്ക് പോയാലും പവാറിന് എതിര്‍പ്പില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒപ്പം നിന്ന് കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സമീപനമാണ് പവാറിന്റെ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്‍സിപി യുഡിഎഫില്‍ എത്തിയാല്‍ പവാറിനെ സംബന്ധിച്ചിടത്തോളം നല്ലതാണ്. ഇത് സിപിഎമ്മും മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ തന്ത്രപരമായ നിലപാടാണ് സിപിഎം പാലാ സീറ്റിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത്.