പുഴയ്ക്കല്‍ ബ്ലോക്ക്, കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി
തൃശൂർ : സംസ്ഥാനത്തെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി നേടി-പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്. ബാല സൗഹൃദ തദ്ദേശസ്വയംഭരണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനമാണ് ബ്ലോക്കിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സദ്ഭരണത്തിലൂടെ എല്ലാ കുട്ടികള്‍ക്കും അവരുടെ മുഴുവന്‍ അവകാശങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നത് ഉറപ്പ് വരുത്തുന്നതിനായുള്ള പ്രവര്‍ത്തന പദ്ധതിയാണ് ബാല സൗഹൃദ തദ്ദേശ സ്വയംഭരണം. യൂണിസെഫിന്റെ സഹായത്തോടെ കില തുടക്കം കുറിച്ച ബാല സൗഹൃദ തദ്ദേശ സ്വയംഭരണം സംരംഭത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മാതൃകാ ബ്ലോക്ക് പഞ്ചായത്തായ പുഴയ്ക്കല്‍ ബ്ലേക്ക് പഞ്ചായത്തിനെ ആദ്യ ഘട്ടത്തില്‍ തന്നെ തെരഞ്ഞെടുത്തു.
ബാല സൗഹൃദ തദ്ദേശസ്വയംഭരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കില തയ്യാറാക്കിയ പ്രവര്‍ത്തന സഹായിയും മാര്‍ഗരേഖയും വെച്ച് പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. നവകേരള സൃഷ്ടിയ്ക്കായുള്ള കര്‍മ്മ പരിപാടിയുടെ പശ്ചാത്തലത്തില്‍ കുട്ടികളുടെ അവകാശങ്ങളെ ജനകീയാസൂത്രണത്തിന്റെ മുഖ്യ അജണ്ടയില്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളായ പ്രവര്‍ത്തന പരിപാടികളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 6 ഗ്രാമ പഞ്ചായത്തുകളെയും ഒരു കുടക്കീഴില്‍ നിര്‍ത്തി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തത്.
എല്ലാ കുട്ടികളുടെയും അവകാശ സാക്ഷാല്‍ക്കാരം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന് പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ഗണന നിശ്ചയിച്ച് അക്ഷീണം യത്‌നിച്ചു. എല്ലാ കുട്ടികള്‍ക്കും ആരോഗ്യമുള്ള ജീവിതം, കുട്ടികളുടെ സര്‍വ്വോന്മുഖമായ വികസനം, കുട്ടികളുടെ അവകാശ സംരക്ഷണം, കുട്ടികളുടെ സജീവ പങ്കാളിത്തം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കല്‍, ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്, എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളും കളിസ്ഥലങ്ങളും, കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കല്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി. ബ്ലോക്കിന് കീഴിലെ എല്ലാ അങ്കണവാടികള്‍ക്കും ആധുനിക രീതിയില്‍ കെട്ടിട്ടം നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
ബ്ലോക്ക് പഞ്ചായത്തിനൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, അങ്കണവാടി ജീവനക്കാര്‍, ബ്ലോക്ക്തല ആസൂത്രകര്‍, ബ്ലോക്ക് പഞ്ചായത്തിലെ ജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ബാല സൗഹൃദ ബ്ലോക്ക് എന്ന നേട്ടം കൈവരിച്ചത്.
—