എൽ ജെ ഡി നേതാവ് ശരദ് യാദവിന്‍റെ മകള്‍ കോണ്‍ഗ്രസില്‍ ചേർന്നു.
ദില്ലി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ എല്‍ജെഡി തീരുമാനിച്ചിരിക്കേ ശരദ് യാദവിന്‍റെ മകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അച്ഛന്‍റെ അറിവോടെയാണ് പാര്‍ട്ടി വിട്ടതെന്നും ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യത്തിന് മുന്നേറ്റമുണ്ടാക്കാനാകുമെന്നും സുഭാഷിണി യാദവ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അന്‍പത്തിയൊന്ന് സീറ്റില്‍ മത്സരിക്കാനാണ് ശരത് യാദവിന്‍റെ ലോക് താന്ത്രിക ജനതാദളിന്‍റെ തീരുമാനം. ശരത് യാദവിനെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ വളരെ വൈകിയാണ് എല്‍ജെഡി തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയത്. ഒരു സഖ്യവുമായും അടുപ്പം വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് നിര്‍ദ്ദേശിച്ചുവെന്ന് ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് സുഭാഷിണി യാദവ് കോണ്‍ഗ്രസിലെത്തിയത്. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
അന്‍പത്തിയൊന്ന് സീറ്റില്‍ എല്‍ജെഡി മത്സരിക്കുമെന്നത് പ്രചാരണം മാത്രമാണെന്ന് സുഭാഷിണി പ്രതികരിച്ചു. എല്‍ജെഡിക്ക് ബിഹാറില്‍ സാധ്യതയില്ലെന്ന് കണ്ടാണ് സുഭാഷിണി യാദവിന്‍റെ ചുവട് മാറ്റം. ബിഹാറിഗഞ്ച് സീറ്റില്‍ നിന്ന് സുഭാഷിണി യാദവ് മത്സരിക്കുമെന്നാണ് സൂചന.
അതേസമയം മകളുടെ ചുവട് മാറ്റത്തോട് ശരദ് യാദവ് ഇനിയും പ്രതികരിച്ചിട്ടില്ല. ശരദ് യാദവിന്‍റെ അനാരോഗ്യവും സുഭാഷിണി കോണ്‍ഗ്രസ് പാളയത്തിലെത്തിയതും എല്‍ജെഡിക്ക് തിരിച്ചടിയാകും. ശരദ് യാദവിനൊപ്പം പോയ നേതാക്കളെയും പ്രവര്‍ത്തകരെയും തിരികെയെത്തിക്കാന്‍ ജെഡിയു അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു